രാജ്യത്തെ ബാങ്കുകളെ ലക്ഷ്യംവെച്ച് സൈബർ കൊള്ളക്കാർ, സുരക്ഷ ഭേദിക്കാൻ എഐ സാങ്കേതികത

News Desk
1 Min Read

ന്യൂഡൽഹി: എഐ ഉപയോഗിച്ച് ബാങ്കിങ്-ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പണംതട്ടുന്ന സൈബർ ആക്രമണത്തിനെതിരേ മുന്നറിയിപ്പുമായി ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസി. ‘ക്രാഫ്റ്റി ഫാൽക്കൺ’ എന്നറിയപ്പെടുന്ന സൈബർ ആക്രമണ ശൃംഖല അതിവേഗത്തിലാണ് ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ ഭേദിച്ച് പണം തട്ടുന്നതെന്ന് ഇന്ത്യയുടെ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (Cert-In) മുന്നറിയിപ്പിൽ പറയുന്നു.

ബാങ്കുകൾക്ക് പുറമേ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഡിജിറ്റൽ വായ്പാ പ്ലാറ്റ്‌ഫോമുകൾ, ഫിൻടെക് സ്ഥാപനങ്ങൾ, പേയ്‌മെന്റ് അഗ്രിഗേറ്ററുകൾ, ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചുകൾ എന്നിവയെയും ഹാക്കർമാർ ലക്ഷ്യമിടുന്നുണ്ട്. എ.ഐ. അധിഷ്ഠിത സെക്യൂരിറ്റി ടൂളുകൾ ഉപയോഗിച്ചാണ് ഹാക്കർമാർ ആക്രമണം നടത്തുന്നത്. സ്ഥാപനങ്ങളുടെ പേയ്‌മെന്റ് എ.പി.ഐകളിലെ പഴുതുകൾ കണ്ടെത്തി എഐ സ്വയം രൂപപ്പെടുത്തുന്ന സ്ക്രിപ്റ്റുകളിലൂടെയാണ് പണംതട്ടൽ നടക്കുന്നതെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷാനിരീക്ഷണം കുറവുള്ള വാരാന്ത്യങ്ങളും അവധി ദിവസങ്ങളും തിരഞ്ഞെടുത്താണ് ഹാക്കർമാർ ആക്രമണം നടത്തുന്നത്. മുൻപ് ആക്രമണത്തിനിരയായി സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയ സ്ഥാപനങ്ങളെപ്പോലും ഇവർ വീണ്ടും ലക്ഷ്യമിടുന്നതായി സെർട്ട്-ഇന്നിന് കീഴിലുള്ള ‘സി.എസ്.ഐ.ആർ.ടി-ഫിൻ’ കണ്ടെത്തിയിട്ടുണ്ട്.

ഭീഷണി ഇപ്പോഴും സജീവമായി തുടരുന്നതിനാൽ എല്ലാ ധനകാര്യ സ്ഥാപനങ്ങളും 24 മണിക്കൂറും കർശനമായ സുരക്ഷാ നിരീക്ഷണം ഏർപ്പെടുത്തണമെന്ന് സെർട്ട്-ഇൻ നിർദേശം നൽകിയിട്ടുണ്ട്. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും കൂടുതൽ ജീവനക്കാരെ നിരീക്ഷണത്തിനായി നിയോഗിക്കണമെന്നും അടിയന്തര സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!