മുതലമട: സിപിഎം മുതലമട ഒന്ന് ലോക്കൽ കമ്മിറ്റി ഓഫീസിൽ നേതാക്കൾ പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്ത് പ്രവർത്തകർ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേരെ പാർട്ടി ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്തു.
മുതലമട ഒന്ന് ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിലായിരുന്നു പാർട്ടി ഓഫിസിലെ മദ്യപാനം. കൊല്ലങ്കോട് ഏരിയാ കമ്മിറ്റി അംഗം കെ.സിയാവുദ്ദീനും ലോക്കൽ കമ്മിറ്റി അംഗം കെ.വിനേഷും ഉൾപ്പെടെയുള്ളവർ മദ്യപാനത്തെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മദ്യപാനത്തെ ചോദ്യം ചെയ്തവരുമായി നേതാക്കൾ വാക്കുതർക്കത്തിലേർപ്പെടുന്നതും ഇതിനിടെ ലോക്കൽ സെക്രട്ടറി ബ്രിജേഷ് ചോദ്യം ചെയ്തവരെ പിടിച്ചുതള്ളുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം വിവാദമായതിനു പിന്നാലെയാണ് ലോക്കൽ സെക്രട്ടറി ബ്രിജേഷ്, ഒപ്പമുണ്ടായിരുന്ന റഷീദ്, സൂര്യപ്രകാശ് എന്നിവരെ പാർട്ടി ജില്ലാ കമ്മിറ്റി സസ്പെൻഡ് ചെയ്തത്. പാർട്ടി ഓഫീസിനുള്ളിൽ നടന്ന സംഭവവും നേതാക്കൾക്കെതിരായ പ്രവർത്തകരുടെ പരസ്യപ്രതിഷേധവും സിപിഎമ്മിന് പ്രാദേശികതലത്തിൽ വലിയ തിരിച്ചടിയായിരിക്കുകയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
