ഫാർഗോ: രണ്ട് വർഷത്തോളം കിടക്കയിൽ ചങ്ങലയിട്ട് ബന്ധിപ്പിച്ച് ക്രൂരമർദനത്തിനും ലൈംഗിക പീഡനത്തിനും ഇരയാക്കിയ യുവതിയെ പൊലീസ് രക്ഷപ്പെടുത്തി. അമേരിക്കയിലെ നോർത്ത് ഡെക്കോടയിലുള്ള ഫാർഗോയിലാണ് അതിദാരുണമായ സംഭവം. സംഭവത്തിൽ മുൻ ഭർത്താവായ ആർട്ടൂറോ കാൽസാദ-ബെസെറിൽ (40), കാമുകി എറെൻഡ്ര അമോൽസ് (41) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാലിൽ ചങ്ങലയും പൂട്ടും ഇട്ടാണ് യുവതിയെ കിടക്കയിൽ ബന്ധിച്ചിരുന്നത്. യുവതിയുടെ ചലനങ്ങൾ അറിയാനായി ബെഡിന് അഭിമുഖമായി ഒരു സുരക്ഷാ ക്യാമറയും പ്രതികൾ വെച്ചിരുന്നു. സംഭവം ആരും അറിയാതിരിക്കാനായി ജനലുകൾ അലുമിനിയം ഫോയിൽ വെച്ച് മറച്ചുവെച്ചിരുന്നു. ദിവസത്തിൽ രണ്ടുനേരം മാത്രമാണ് ഭക്ഷണം നൽകിയിരുന്നത്. മലമൂത്ര വിസർജ്ജനത്തിനായി കിടക്കയ്ക്ക് സമീപം ഒരു പ്ലാസ്റ്റിക് ബക്കറ്റായിരുന്നു നൽകിയിരുന്നത്.
ഈ മാസം 3ന് യുവതി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ നിന്നും നിലവിളി കേട്ട മെയിന്റനൻസ് ജീവനക്കാരാണ് പൊലീസിനെ അറിയിച്ച് യുവതിയെ രക്ഷപ്പെടുത്തിയത്. 2024ലാണ് പ്രതികൾ യുവതിയെ മെക്സിക്കോയിൽ നിന്ന് ഫാർഗോയിലേക്ക് കൊണ്ടുവന്ന് ബലമായി മർദിച്ച് വീട്ടിൽ പൂട്ടിയിട്ടത്.
യുവതിക്ക് ലഹരിമരുന്നിന് അടിമയാണെന്നും ഓടി പോകാതിരിക്കാനാണ് പൂട്ടിയിട്ടതെന്നുമാണ് പ്രതികളുടെ വിചിത്ര മൊഴി. തട്ടിക്കൊണ്ടുപോകൽ, ഗാർഹിക പീഡനം, ആക്രമണം തുടങ്ങിയ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
സംഭവം പുറംലോകമറിഞ്ഞതോടെ അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാർ കടുത്ത ഞെട്ടലിലാണ്. വർഷങ്ങളായി ജനലുകളിൽ ഫോയിൽ ഒട്ടിച്ചിട്ടിരിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ക്രൂരതയാണ് അവിടെ നടക്കുന്നതെന്ന് ആരും അറിഞ്ഞിരുന്നില്ല. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
