റിയാദ്: റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണങ്ങളിൽ പരുക്കേറ്റവരെ സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജൽ സന്ദർശിച്ചു. ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുഎഇയിൽ താമസിക്കുന്ന അധ്യാപിക ഉൾപ്പെടെയുള്ളവരാണ് സന്ദർശന വേളയിൽ മന്ത്രിയെ കണ്ടത്.
റിയാദിലെ ആശുപത്രികൾ സന്ദർശിച്ച മന്ത്രി, രോഗികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും അവർക്ക് ലഭിക്കുന്ന ചികിത്സ പരിശോധിക്കുകയും ചെയ്തു. രോഗമുക്തി നേടുന്നത് വരെ ആവശ്യമായ എല്ലാ ചികിത്സയും പിന്തുണയും ഉറപ്പുനൽകിയതായി മന്ത്രി വ്യക്തമാക്കി.
ശനിയാഴ്ചയുണ്ടായ ആക്രമണ സമയത്ത് അബുദാബിയിൽ നിന്നുള്ള കണക്റ്റിങ് വിമാനത്തിലാണ് താനും മറ്റൊരു യുഎഇ അധ്യാപികയും റിയാദിലെത്തിയതെന്ന് അധ്യാപിക പറഞ്ഞു. തുടർന്ന് മക്കയിലേക്ക് പോയി ഉംറ കർമം നിർവഹിക്കാനായിരുന്നു പദ്ധതി. ചികിത്സ നൽകുന്ന ഡോക്ടർമാരെയും അധ്യാപിക അഭിനന്ദിച്ചു.
രോഗമുക്തിക്ക് ശേഷം തീർഥാടന പദ്ധതികൾ തുടരാനാകുമെന്ന് മന്ത്രി ഇരുവരോടും വ്യക്തമാക്കി. രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശപ്രകാരം രോഗമുക്തി അടക്കമുള്ള കാര്യങ്ങളിൽ പൂർണ ശ്രദ്ധ നൽകുമെന്നും, തുടർന്ന് ഉംറ കർമം നിർവഹിക്കാനാകുമെന്നും മന്ത്രി അധ്യാപികയോട് പറഞ്ഞു. ഹൂതികളുടെ ആക്രമണത്തിൽ പരുക്കേറ്റ സുഡാനീസ് എയർ ഹോസ്റ്റസ് റഹാം യാസീൻ അഹമ്മദിന്റെ ആരോഗ്യസ്ഥിതിയും മന്ത്രി നേരിട്ട് വിലയിരുത്തി.
ശനിയാഴ്ചയുണ്ടായ മിസൈൽ ആക്രമണത്തിൽ പരുക്കേറ്റ 309 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിലിയൻ ഏവിയേഷൻ അറിയിച്ചു. നാല് സൗദി പൗരന്മാരും എട്ട് വിദേശികളും ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. ബംഗ്ലാദേശ്, സിറിയ, ഈജിപ്ത്, പലസ്തീൻ, ജോർദാൻ, അമേരിക്ക, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരിച്ച വിദേശികൾ.
ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ ഇന്ത്യക്കാരൻ ഞായറാഴ്ച മരിച്ചതായി റിയാദിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ടതായും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട സഹായം ചെയ്യുമെന്നും എംബസി അറിയിച്ചു. മറ്റ് പത്ത് ഇന്ത്യക്കാർക്കും പരുക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച വിമാനത്താവളത്തിന് നേരെ വീണ്ടുമുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പാക്കിസ്ഥാൻ പൗരനാണ് കൊല്ലപ്പെട്ടത്. യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിൽ. അഞ്ച് ദിവസത്തിനിടെ നാലാം തവണയാണ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം ആക്രമിക്കപ്പെടുന്നത്.
ദമാമിലെ കിങ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായതായി സൗദി അധികൃതർ അറിയിച്ചു. യാത്രാ ടെർമിനലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണം രാജ്യാന്തര മാനുഷിക നിയമപ്രകാരം യുദ്ധക്കുറ്റമാണെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു. നിയമപ്രകാരം ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
