ന്യൂഡൽഹി: അതിർത്തി കടന്നുള്ള അനധികൃത നുഴഞ്ഞുകയറ്റങ്ങൾക്ക് പാക്കിസ്ഥാൻ നിരന്തരം ഒത്താശ ചെയ്യുന്നതിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മിഷനിലെ ചാർജ് ദ് അഫയേഴ്സിനെ വിളിച്ചു വരുത്തിയാണ് വിദേശകാര്യ മന്ത്രാലയം ഇന്ത്യയുടെ കടുത്ത വിയോജിപ്പ് അറിയിച്ചത്. പഞ്ചാബ് അതിർത്തിയിൽ രണ്ട് പാക്ക് നുഴഞ്ഞുകയറ്റക്കാരെ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) വെടിവച്ചുകൊന്ന സംഭവത്തിൽ പാക്കിസ്ഥാനിലെ ഇന്ത്യൻ നയതന്ത്രജ്ഞനെ പാക്കിസ്ഥാൻ വിളിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ ശക്തമായ നടപടി.
ഒക്ടോബർ 2ന് പഞ്ചാബിലെ ഫിറോസ്പുർ സെക്ടറിലെ രാജ്യാന്തര അതിർത്തിയിലുണ്ടായ സംഭവത്തെക്കുറിച്ച് പാക്കിസ്ഥാൻ ഉന്നയിച്ച അടിസ്ഥാനരഹിതവും ദുരുദേശ്യപരവുമായ ആരോപണങ്ങൾ ഇന്ത്യ പൂർണമായി തള്ളിക്കളഞ്ഞതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പഞ്ചാബിലെ രാജോക്കെ ഗ്രാമത്തിനു സമീപം മൂന്ന് പാക്കിസ്ഥാൻ പൗരന്മാർ ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് കടക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പാക്കിസ്ഥാനിലേക്ക് മടങ്ങിപ്പോകാൻ ബിഎസ്എഫ് പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും ഇവർ അതിർത്തിയിലെ വേലിക്ക് നേരെ നീങ്ങുകയായിരുന്നു. സുരക്ഷയ്ക്ക് വലിയ ഭീഷണിയായതോടെയാണ് ബിഎസ്എഫിന് വെടിയുതിർക്കേണ്ടി വന്നത്. വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സായുധ ലഹരിക്കടത്ത് സംഘങ്ങളാണ് നുഴഞ്ഞുകയറ്റത്തിനു പിന്നിലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പാക്ക് അതിർത്തി രക്ഷാസേനയുടെ ഒത്താശയോടെയാണ് ഇത്തരം ലഹരിക്കടത്തും നുഴഞ്ഞുകയറ്റവും ആവർത്തിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു. അതിർത്തി കടന്നുള്ള ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് പാക്കിസ്ഥാൻ കൃത്യമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യാന്തര അതിർത്തിയുടെ പവിത്രത മാനിക്കാനും, അനധികൃതമായ നീക്കങ്ങൾ തടയാൻ സ്വന്തം സേനയ്ക്ക് കൃത്യമായ നിർദേശം നൽകാനും പാക്ക് നയതന്ത്രജ്ഞനോട് ഇന്ത്യ കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.
…
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
