ക്ഷേത്രത്തിൽ നിന്നുള്ള സംഗീതം ഉറക്കം കെടുത്തുന്നു; പരാതിയുമായി നടൻ അല്ലു സിരീഷ്

News Desk
1 Min Read

ഹൈദരാബാദ്: ക്ഷേത്രത്തിൽ അർധരാത്രി അമിതശബ്ദത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ നടനും അല്ലു അർജുന്റെ സഹോദരനുമായ അല്ലു സിരീഷ്. ഹൈദരാബാദിലെ ഷെയ്ഖ്പേട്ടിലുള്ള വിനോഭ നഗറിലെ ഹനുമാൻ ക്ഷേത്രത്തിൽ നിന്ന് രാത്രി വൈകിയും ഉച്ചഭാഷിണിയിലൂടെ അമിത ശബ്ദത്തിൽ പാട്ട് വയ്ക്കുന്നതിനെതിരെയാണ് നടൻ പരാതിയുമായി രംഗത്തെത്തിയത്. ഹൈദരാബാദ് സിറ്റി പൊലീസിനെ ടാഗ് ചെയ്ത് എക്‌സിലാണ് പരാതി ഉന്നയിച്ചത്.

ഷെയ്ഖ്പേട്ടിലെ അപർണ വൺ റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് അല്ലു സിരീഷ് താമസിക്കുന്നത്. ഇതിന് സമീപമുള്ള ക്ഷേത്രത്തിൽ നിന്നും പരിധിയിലും കൂടുതൽ ശബ്ദത്തിൽ രാത്രി 2-3 മണി വരെ പാട്ടുകൾ വയ്ക്കുന്നുണ്ടെന്നും, ഇത് പ്രായമായവർക്കും കുട്ടികൾക്കും ജോലി ചെയ്യുന്നവർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും സിരീഷ് എക്സിൽ കുറിച്ചു.

വിനായക ചതുർത്ഥി നിമജ്ജനത്തിന്റെ ഭാഗമായി സെപ്റ്റംബർ 25 വരെ ക്ഷമിക്കാൻ ഫിലിം നഗർ പൊലീസ് തങ്ങളോട് ആവശ്യപ്പെട്ടിരുന്നു എന്നും നടൻ പോസ്റ്റിൽ പറയുന്നു. എന്നാൽ ഉത്സവം കഴിഞ്ഞിട്ടും അമിത ശബ്ദത്തിലുള്ള പാട്ട് തുടരുകയാണെന്ന് നടൻ ചൂണ്ടിക്കാട്ടി. ഇതിന് തെളിവായി ഒൻപത് സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോയും കുറിപ്പിനൊപ്പം സിരീഷ് പങ്കുവച്ചിട്ടുണ്ട്.

ഈ പോസ്റ്റിന് പിന്നാലെ സിരീഷിനെ വിമർശിച്ച് ചിലർ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായി മറ്റൊരു കുറിപ്പും നടൻ എക്സിൽ പങ്കുവച്ചിട്ടുണ്ട്.

“സുഹൃത്തുക്കളെ.. ഞാനും ദൈവവിശ്വാസിയാണ്, ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കുന്ന ആളുമാണ്. രാത്രി രണ്ട് മണിക്ക് ഡി.ജെ സെറ്റപ്പിൽ ഉച്ചത്തിൽ പാട്ട് വയ്ക്കുന്നത് ഭക്തിയല്ല. ഞാൻ പരാതിപ്പെട്ടത് പൗരബോധത്തെക്കുറിച്ചാണ്. അല്ലാതെ ഭക്തിയെക്കുറിച്ചല്ല. കാര്യങ്ങൾ മനസിലാക്കിയതിന് നന്ദി..,” നടൻ കുറിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!