റിയാദ്: സഊദി അറേബ്യയിലെ വിവിധ മേഖലകളില്‍ ശക്തമായ മഴയും ഇടിമിന്നലും തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി. അടുത്ത ചൊവ്വാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടെയുള്ള മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
മക്ക, ജസാന്‍, അസീര്‍, അല്‍ബാഹ മേഖലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവും ശക്തമായ കാറ്റും ഉണ്ടാകാം. കാറ്റില്‍ പൊടിയും മണലും ഉയരുന്നതിനാല്‍ കാഴ്ചപരിധി കുറയാനും സാധ്യതയുണ്ട്.
മക്ക മേഖലയിലെ താഇഫ്, മൈസാന്‍, അദം, അല്‍ അര്‍ദിയാത്ത് എന്നിവിടങ്ങളില്‍ മിതമായതോ ശക്തമായതോ ആയ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. മഴയെ തുടര്‍ന്ന് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
മക്ക നഗരം, അല്‍ കാമില്‍, അല്‍ ജുമും, ബഹ്റ എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്. ജസാന്‍, അസീര്‍, അല്‍ബാഹ മേഖലകളിലും ശക്തമായ മഴയ്ക്കൊപ്പം വെള്ളപ്പൊക്കത്തിനും ആലിപ്പഴ വര്‍ഷത്തിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. മദീന, നജ്റാന് മേഖലകളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കും.
മഴ ശക്തമാകുന്ന സമയത്ത് സുരക്ഷിത സ്ഥലങ്ങളില്‍ തുടരണമെന്നും താഴ്വരകളില്‍ നിന്നും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും അകന്നുനില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് നിര്‍ദേശിച്ചു. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ നീന്താന്‍ ശ്രമിക്കരുതെന്നും മുന്നറിയിപ്പുണ്ട്.
വെള്ളം നിറഞ്ഞ താഴ്വരകള്‍ മുറിച്ചുകടക്കുകയോ ശക്തമായി ഒഴുകുന്ന വെള്ളത്തിനടുത്തേക്ക് പോകുകയോ ചെയ്യരുതെന്നും വാഹനമോടിക്കുന്നവരും താമസക്കാരും ഔദ്യോഗിക കാലാവസ്ഥാ, സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പുകള്‍ പിന്തുടരണമെന്നും അധികൃതര്‍ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
