ജീപ്പ് സ്കൂട്ടറിൽ ഇടിച്ച് സുപ്രീംകോടതി അഭിഭാഷകന് ദാരുണാന്ത്യം; ഭാര്യ കോമയിൽ

News Desk
1 Min Read

ലക്നൗ: ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ജീപ്പ് സ്കൂട്ടറിൽ ഇടിച്ച് അഭിഭാഷകൻ മരിച്ചു. സുപ്രീംകോടതിയിലെ അഭിഭാഷകനായിരുന്ന നീരജ് (40) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ നീരജിന്റെ ഭാര്യക്ക് ഗുരുതരമായി പരുക്കേറ്റു. യുവതിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് നീരജിന്റെ സഹോദരൻ അമിത് പറഞ്ഞു. ‘സഹോദരന്റെ ഭാര്യ നിലവിൽ കോമയിലാണ്.

അവരുടെ ശരീരത്തിന്റെ ഇടതുവശം പൂർണ്ണമായും തളർന്നുപോയി. 18 എല്ലുകൾക്ക് ഒടിവ് സംഭവിച്ചു. ഇടുപ്പെല്ല് പൂർണ്ണമായി തകർന്നു. അവർ ഇതിനോടകം നിരവധി ശസ്ത്രക്രിയകൾക്ക് വിധേയയായി. ഇതിനോടകം ഏകദേശം 7 ലക്ഷം രൂപയുടെ മെഡിക്കൽ ബില്ലുകൾ ആയി.

ജീപ്പിലുണ്ടായിരുന്നവർ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വാഹനത്തിൽ നാലു യുവാക്കളുണ്ടായിരുന്നു. ഇവരിൽ രണ്ടുപേരെ ദൃക്‌സാക്ഷികൾ പിടികൂടിയെങ്കിലും മറ്റുള്ള രണ്ടുപേർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. അപകടം നടന്ന് 20 മണിക്കൂറിലേറെ പിന്നിട്ടിട്ടും അവരെ കണ്ടെത്താനായിട്ടില്ല’ – അമിത് പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ ദമ്പതികൾ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. സംഭവസ്ഥലത്ത് ആളുകൾ തടിച്ചുകൂടി. ഇതിനിടെ ജീപ്പ് ഓടിച്ചിരുന്ന ആൾ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പൊലീസിനെയും ആംബുലൻസ് സർവീസിനെയും വിവരമറിയിച്ചതിനെത്തുടർന്ന്, പരുക്കേറ്റ ദമ്പതികളെ നാട്ടുകാരും പൊലീസും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.

ആശുപത്രിയിലെത്തിച്ചപ്പോഴേക്കും നീരജ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അപകടത്തിനിടയാക്കിയ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള ഡ്രൈവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. നീരജിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് അയച്ചു. 

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!