കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ, ശ്രീമതി ടീച്ചറും ശൈലജ ടീച്ചറും ആദ്യം സംസാരിക്കേണ്ടത് സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന്; SYS

malayalampress
3 Min Read

കൊച്ചി: കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ക്ക് പിന്തുണയുമായി എസ്‌വൈഎസ് നേതാവ് റഹ്‌മത്തുള്ള സഖാഫി എളമരം രംഗത്ത്. ഇസ്‌ലാമിലെ ആചാരാനുഷ്ഠാനങ്ങള്‍ എങ്ങനെയാണ് നടത്തേണ്ടതെന്ന തീരുമാനം പറയേണ്ടത് മുസ്‌ലിം മത പണ്ഡിതന്മാരാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തില്‍ വിമര്‍ശനമുയര്‍ത്തിയ സിപിഐഎം നേതാക്കള്‍ക്ക് മറുപടിയും നല്‍കുന്നതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാര്‍ട്ടിയിലും ഭരണത്തിലും അതിനു വേണ്ടി അധ്വാനിക്കുന്ന സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത് എന്നായിരുന്നു മറുപടി. പതിനായിരക്കണക്കിന് വനിതകള്‍ക്ക് അറിവും കനിവും നല്‍കുന്ന സ്ത്രീ സമുദ്ധാരകനാണ് കാന്തപുരം ഉസ്താദ്. ഈ പ്രസ്താവനാ യുദ്ധം നടത്തുന്നവര്‍ സ്ത്രീകള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്തുവെന്ന് സ്വയം പരിശോധിക്കുന്നത് നന്നാവും എന്നുമായിരുന്നു വിമര്‍ശനം.

സമുദായത്തിലെ സ്ത്രീകളോടാണ് സമസ്ത ഓര്‍മിപ്പിച്ചത്

മുസ്‌ലിം സ്ത്രീകള്‍ മതാഘോഷങ്ങളുടെ പേരില്‍ തെരുവില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത് ഒഴിവാക്കണമെന്ന് സമുദായത്തിലെ സ്ത്രീകളോടാണ് സമസ്ത ഓര്‍മിപ്പിച്ചത്. ഇത് സ്ത്രീകളുടെ പവിത്രത കാത്തു സൂക്ഷിക്കാനും അവരോടുള്ള കരുതലിന്റെയും ഭാഗമായി വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണെന്നു അദ്ദേഹം വിശദീകരിക്കുന്നു. അതില്‍ അനാവശ്യമായി ആരും ഇടപെടേണ്ടതില്ല. ഇത് പറയാനും താല്‍പര്യമുള്ളവര്‍ക്ക് അനുസരിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ വിവാദ പ്രസ്താവന.

നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്. എന്നാല്‍ പൊതു സമൂഹത്തില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഇതിനെതിരെ ഉയര്‍ന്നിരുന്നു. വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി നിരവധി സിപിഐഎം നേതാക്കള്‍ രംഗത്ത് വന്നിരുന്നു. കൂടാതെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ അടക്കമുള്ള യുവജന വിദ്യാര്‍ത്ഥി സംഘടനകളും വിമര്‍ശനമുയര്‍ത്തി. എന്നാല്‍ കാന്തപുരത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് സമസ്ത എപി വിഭാഗത്തോടൊപ്പം ഇകെ വിഭാഗവും സ്വീകരിച്ചത്.

കാലഘട്ടത്തിന്റെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്; കാന്തപുരത്തിൻ്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്ഐ

കൊച്ചി: പൊതു ഇടങ്ങളിലും വേദികളിലും സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുത് എന്ന് കാട്ടി സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പ്രതികരിച്ചത്. കാലഘട്ടത്തിന്റെ മാറ്റം എല്ലാവരും തിരിച്ചറിയേണ്ടതുണ്ടെന്നായിരുന്നു കാന്തപുരത്തിനുള്ള മറുപടി.

വിദ്യാഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും വളരെ വലിയ സംഭാവനകള്‍ നല്‍കുന്ന സമസ്ത കാന്തപുരം വിഭാഗം ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഇറക്കിയത് നിര്‍ഭാഗ്യകരമാണെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളെ നൂറ്റാ ണ്ടുകള്‍ പിറകിലേക്ക് നയിക്കുന്നതാണ് സര്‍ക്കുലര്‍ എന്നാണ് സംഘടനയുടെ നിലപാട്. വിദ്യാഭ്യാസപരമായും സാമൂഹ്യമായും ഒരുപാട് മുന്നോട്ടുപോയ സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസ പുരോഗതിയും തൊഴിലിടങ്ങളിലെ സാനിധ്യവും ഇന്ന് വളരെയേറെ ഉന്നതമാണ്. അതില്‍ മുസ്‌ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും വിവിധ മേഖലകളിലെ തൊഴിലുകളിലും ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നും ഡിവൈഎഫ്ഐ ഓര്‍മപ്പെടുത്തുന്നുണ്ട്. ഉന്നതമായ പദവികള്‍ വഹിക്കുന്നവരും പൊതുസമൂഹവുമായി നിരന്തരം ഇടപെടുന്നവരുമാണ് സ്ത്രീകളെന്നുമാണ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു കാന്തപുരം അബൂബക്കര്‍ മുസലിയാരുടെ വിവാദ പ്രസ്താവന. നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്. എന്നാല്‍ പൊതു സമൂഹത്തില്‍ നിന്ന് വലിയ വിമര്‍ശനങ്ങള്‍ ഇതിനെതിരെ ഉയര്‍ന്നിരുന്നു. ഇന്നലെ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി എസ്എഫ്‌ഐയും രംഗത്ത് വന്നിരുന്നു. സ്ത്രീകള്‍ പൊതുവേദികളില്‍ വരുന്നതിനെ ‘പ്രദര്‍ശനം’ എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയും അണെന്നായിരുന്നു എസ്എഫ്‌ഐയുടെ നിലപാട്. എന്നാല്‍ കാന്തപുരത്തെ പിന്തുണയ്ക്കുന്ന സമീപനമാണ് സമസ്ത ഇകെ വിഭാഗം സ്വീകരിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!