യുവതികളുടെ കൊലപാതകത്തിൽ നടുങ്ങി മലയാളി സമൂഹം; ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ടത് തൃശൂർ, കോട്ടയം സ്വദേശിനികൾ; പ്രതിയായ മലയാളി യുവതി പൊലിസ് കസ്റ്റഡിയിൽ

malayalampress
1 Min Read

ഫോട്ടോ: കൊല്ലപ്പെട്ട അഞ്ജന, ആൻ, പോലീസ് കസ്റ്റഡിയിലുള്ള അനില

കാലിഫോർണിയ: അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തായ മലയാളി യുവതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്-സുഷമ ദമ്പതികളുടെ മകൾ അഞ്ജന, കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തും വിലങ്ങന്നൂർ സ്വദേശിയുമായ അനിലയെ പൊലിസ് കസ്റ്റഡിയിലെടുത്തു.

ഇവർ മൂവരും ഉറ്റ സുഹൃത്തുക്കളും ഒരേ അപ്പാർട്മെന്റിൽ താമസിക്കുന്നവരുമാണ്. അമേരിക്കയിലെ കാലിഫോർണിയയിലെ മിൽപിറ്റാസിൽ ശനിയാഴ്ച നടന്ന സംഭവത്തെ കുറിച്ച് മരണപ്പെട്ടവരുടെ വീട്ടുകാർ നൽകുന്ന വിവരം ഇതാണ് – അഞ്ജനയെ അനില താമസസ്ഥലത്തിന്റെ താഴേക്ക് വിളിച്ചുവരുത്തുകയും കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ അഞ്ജനയുടെ ഭർത്താവ് വിജീഷ് കാണുകയും ഉടൻ തന്നെ വിജീഷ് വിവരം ഇവരുടെ പൊതുസുഹൃത്തും ആനിന്റെ ഭർത്താവുമായ ജേക്കബിനെ അറിയിക്കുകയായിരുന്നു.

ഉടൻ തന്നെ ആനിനെ ജേക്കബ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് ജേക്കബ് അപ്പാർട്മെന്റിൽ നടത്തിയ പരിശോധനയിൽ ആനിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

കൊല്ലപ്പെട്ട അഞ്ജനയും ആനും അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ ഇരുവരെയും കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.  അടുത്തിടെ നടന്ന ഓണാഘോഷത്തിലൊക്കെ മൂവരും പങ്കെടുത്തിരുന്നു. അഞ്ജനയും ഭർത്താവ് വിജീഷും കഴിഞ്ഞ എട്ടു വർഷമായി കാലിഫോർണിയയിൽ ജോലി ചെയ്തുവരികയാണ്. വാമികയാണ് അഞ്ജനയുടെ ഏക മകൾ. സംഭവത്തിൽ പ്രാദേശിക പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!