നിശ്ചയത്തിന് പിന്നാലെ തർക്കം, വിവാഹം മുടങ്ങി; യുവതി ജീവനൊടുക്കി

News Desk
1 Min Read

അരൂർ: നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതിന് പിന്നാലെ യുവതി തൂങ്ങി മരിച്ചു. അരൂർ 23-ാം വാർഡ് കിഴക്കേവേലിക്കകത്ത് അജയന്റെ മകളും ഐ ടി ഉദ്യോ​ഗസ്ഥയുമായ അനഘ(25)യെയാണ് വ്യാഴാഴ്ച പുലർച്ചെ മരിച്ചനിലയിൽ കണ്ടെത്തിയത്.

വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. അബുദാബിയിൽ ജോലി ചെയ്യുന്ന തൃശൂർ അന്നകര സ്വദേശിയുമായി ഫെബ്രുവരിയിലാണ് അനഘയുടെ വിവാഹം ഉറപ്പിച്ചത്. സെപ്തംബറിൽ വിവാഹം നടക്കാനിരിക്കെ ഇരുവരും തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ ബന്ധുക്കൾ ഇ‌ടപെട്ട് വിവാഹം വേണ്ടെന്ന് വെയ്ക്കുകയും ചെയ്തു.

എന്നാൽ കാര്യങ്ങൾ തീരുമാനിച്ച് അന്തിമമായി സംസാരിക്കാനിരിക്കെ അനഘ ചൊവ്വാഴ്ച അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ടു. വീട്ടുകാർ അറിയാതെയായിരുന്നു അനഘയുടെ യാത്ര. വിവരം അറിഞ്ഞ വരന്റെ ബന്ധുക്കൾ പറഞ്ഞാണ് അനഘയുടെ വീട്ടുകാർ അറിഞ്ഞത്. ഇരു കുടുംബങ്ങളുടെയും ആവശ്യപ്രകാരം അനഘയും യുവാവും ബുധനാഴ്ച തിരികെ നാട്ടിലെത്തി. തുടർന്ന് വീട്ടുകാർക്കൊപ്പം സ്വന്തം വീട്ടിലേക്കു വന്ന യുവതി രാത്രിയോടെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.

ഇതിന് തൊട്ടുമുൻപ് യുവാവിന് അനഘ സന്ദേശമയച്ചതായി ബന്ധുക്കൾ സംശയിക്കുന്നു. കൂടാതെ അനഘ സ്വന്തം അമ്മയുടെ ഫോണിലേക്കും സന്ദേശം അയച്ചിരുന്നു. യുവാവിന്റെ അമ്മയോട് പറയണം ഇതൊന്നും അഭിനയമായിരുന്നില്ല എന്നുമായിരുന്നു ആ സന്ദേശം. അനഘയുടെ മരണത്തിന് കാരണം വരനും വരന്റെ അമ്മയുമാണെന്ന് കുടുംബം ആരോപിച്ചു. പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം. സംഭവത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. അനഘയുടെ അമ്മ: പ്യാരി. സഹോദരൻ: അനന്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article