‘സഊദിയില്‍ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടൽ തുടങ്ങുന്നു’ വ്യാജപ്രചാരണം; നിയമ നടപടി വേണമെന്ന് വേടന്‍

News Desk
3 Min Read

സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ വ്യാജ പ്രചാരണത്തില്‍ നിയമ നടപടി വേണമെന്ന് റാപ്പര്‍ വേടന്‍. തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി വേടന്‍ സംസ്ഥാന പൊലീസ് മേധാവിക്കും സൈബർ പൊലീസിനും പരാതി നൽകി. വ്യാജ പ്രസ്താവനകള്‍ താന്‍ പറഞ്ഞതോ, ചെയ്തതോ എന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നത്.

അവ പൂര്‍ണമായും വസ്തുതാവിരുദ്ധവും തന്നെ അപമാനിക്കുന്നതുമാണ്. സമുദായിക സംഘര്‍ഷം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനും, പ്രചരിപ്പിക്കുന്നതിന് നിയമാനുസൃത നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. സൗദി അറേബ്യയിൽ പന്നിയിറച്ചി ലഭിക്കുന്ന ഹോട്ടൽ ശൃംഖല വേടന്‍ തുടങ്ങുന്നുവെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

വസ്തുതാവിരുദ്ധമായ പോസ്റ്റുകള്‍ പങ്കുവച്ച സമൂഹമാധ്യമ അക്കൗണ്ടുകളുടെ വിവരം ഉള്‍പ്പെടുത്തിയാണ് വേടന്‍ പരാതി നല്‍കിയിരിക്കുന്നത്. പോസ്റ്റുകളിലുള്ളത് വസ്തുതാവിരുദ്ധമായ പ്രസ്താവനകളോ, വാര്‍ത്തകളോ ആണെന്ന് വേടന്‍ ചൂണ്ടിക്കാട്ടുന്നു. പറയപ്പെടുന്ന കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ല. അത്തരത്തിലുള്ള പ്രസ്താവന നടത്തിയിട്ടില്ല.

ഇത്തരത്തില്‍ വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിലൂടെ തന്റെ സല്‍പ്പേരിനും, മാന്യതയ്ക്കും സാമുഹിക പ്രതിച്ഛായയ്ക്കും ഗുരുതരമായ അപകീര്‍ത്തി സംഭവിച്ചിട്ടുണ്ട്. മാത്രമല്ല, വ്യാജവിവരം കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിനും അപമാനത്തിനും സാഹചര്യമായിട്ടുണ്ടെന്ന് വേടന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
,
പുലിക്കളി വിമര്‍ശനത്തില്‍ ഉറച്ച് വി.കെ. ശ്രീരാമന്‍; പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പുലിക്കളി സംഘങ്ങള്‍
വ്യാജവാര്‍ത്തയുടെ സ്വഭാവവും അതിന്റെ പ്രചാരണവും മതസ്പര്‍ധയും സാമുദായിക സംഘര്‍ഷവും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള തെറ്റിദ്ധാരണകള്‍ക്കും, വിരോധങ്ങള്‍ക്കും ഇടയാക്കാന്‍ സാധ്യതയുണ്ടെന്നും വേടന്‍ പറയുന്നു. ഈ പോസ്റ്റുകള്‍ നീക്കുന്നതിനും, അവ പ്രചരിപ്പിക്കുന്നത് തടയുന്നതിന് നിയമാനുസൃത നടപടികള്‍ സ്വീകരിക്കണം. തന്റെ സല്‍പ്പേരിനും മാന്യതയ്ക്കും ഉണ്ടായിട്ടുള്ള നഷ്ടം പരിഗണിച്ച് കുറ്റക്കാരായ വ്യക്തികള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടിയും സ്വീകരിക്കണമെന്നും പരാതിയില്‍ വേടന്‍ ആവശ്യപ്പെട്ടു.

സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കഴിഞ്ഞദിവസം തന്നെ വേടന്‍ രംഗത്തെത്തിയിരുന്നു. സാധാരണ ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാറില്ല, എന്നാല്‍ ഇത്തവണ പറയാതെ വയ്യെന്ന മുഖവുരയോടെയായിരുന്നു വേടന്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചത്.

“എന്നെക്കുറിച്ച് ഒരു വ്യാജ പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായി പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സൗദി അറേബ്യയില്‍ പന്നിയിറച്ചി വിഭവങ്ങള്‍ വിളമ്പുന്ന ഒരു റസ്റ്റോറന്റ് ചെയിന്‍ ഞാന്‍ തുടങ്ങാന്‍ പോകുന്നു എന്നും, അതിനെക്കുറിച്ച് ഞാന്‍ പ്രസ്താവന നടത്തി എന്നും ചില പോസ്റ്റുകളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് പൂര്‍ണമായും കള്ളമാണ്. ഇങ്ങനെ ഒരു പ്രസ്താവന ഞാന്‍ ഒരിക്കലും നടത്തിയിട്ടില്ല. സൗദി അറേബ്യയിലോ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യത്തോ ഒരു ഹോട്ടലോ റസ്റ്റോറന്റോ ഭക്ഷണ ബിസിനസോ തുടങ്ങാന്‍ എനിക്ക് യാതൊരു പദ്ധതിയുമില്ല. അതുമായി ബന്ധപ്പെട്ട് കമ്പനിയോ പങ്കാളിയോ അപേക്ഷയോ ഒന്നും തന്നെ എനിക്കില്ല.

ഞാന്‍ സൗദിയിലേക്ക് പോകുന്നത് ഒരു പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍, പരിപാടി സംഘാടകരുടെ ക്ഷണപ്രകാരമാണ്. എന്നെ ക്ഷണിക്കുന്ന ഓരോ രാജ്യത്തിന്റെയും നിയമങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ഞാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ട്. അതിന് വിരുദ്ധമായി ആരെയെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാക്കോ പ്രവൃത്തിയോ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല.

ഇത് ആദ്യമായല്ല ഇത്തരമൊരു കാര്യം സംഭവിക്കുന്നത്. ഓരോ വർഷവും എന്റെ ഷോകൾ വർധിക്കുന്ന സമയത്ത്, കൃത്യമായി അതേ ഘട്ടത്തില്‍ തന്നെ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ഉയര്‍ന്നുവരുന്നത് ഒരു യാദൃശ്ചികതയായി എനിക്ക് തോന്നുന്നില്ല. ഇത് തെറ്റിദ്ധാരണയോ അബദ്ധത്തില്‍ സംഭവിച്ചതോ അല്ല. എന്റെ കലയെയും, എന്നെ വിശ്വസിക്കുന്ന പ്രേക്ഷകരുമായുള്ള ബന്ധത്തെയും, വിദേശത്തെ സംഘാടകരുമായുള്ള ബന്ധത്തെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വമായ ശ്രമമാണ്.

ഞാന്‍ എവിടെ നിന്നാണ് തുടങ്ങിയതെന്ന് എനിക്ക് നല്ല ഓര്‍മയുണ്ട്. ഒന്നുമില്ലായ്മയിൽ നിന്നാണ് ഞാൻ വന്നത്. ആരും ഒരു അവസരം തരാതിരുന്ന ഇടങ്ങളില്‍നിന്ന്, എന്നെ വിശ്വസിച്ച മനുഷ്യരുടെ പിന്തുണ കൊണ്ടു മാത്രമാണ് ഞാന്‍ ഇന്നത്തെ ഇടത്ത് എത്തിയത്. ആ പിന്തുണഎനിക്ക് വലിയ ഉത്തരവാദിത്തമാണ്. ഒപ്പം എന്റെ വലിയ കരുത്തും. വ്യത്യസ്തമായ ലക്ഷ്യങ്ങളുള്ള ചിലര്‍ക്ക് ഒരു കലാകാരന്‍ താഴെനിന്ന് വളരുന്നത് ഇഷ്ടമല്ലായിരിക്കാം. പക്ഷേ, അത്തരം ശ്രമങ്ങള്‍കൊണ്ട് എന്റെ യാത്ര നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല” – എന്നിങ്ങനെയായിരുന്നു വേടന്റെ വാക്കുകള്‍.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article