ചെന്നൈ: വംശനാശഭീഷണി നേരിടുന്ന കുരങ്ങുമൊത്തുള്ള റീൽ പങ്കുവെച്ച സംഭവത്തിൽ നടൻ വിക്രമിന് തമിഴ്നാട് വനംവകുപ്പ് നോട്ടീസ് നൽകി. ചിത്രീകരണം നടക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയാണ് നോട്ടീസ് നൽകിയത്. മൂന്ന് ദിവസത്തിനകം ഹാജരായി വിശദീകരണം നൽകണമെന്നാണ് നോട്ടീസിലെ ആവശ്യം.
ലാർ ഗിബ്ബൺ വിഭാഗത്തിൽപ്പെട്ട കുരങ്ങിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ബിസിനസുകാരനും വിക്രമിന്റെ മകളുടെ ഭർതൃപിതാവും വ്യവസായിയുമായ സി.കെ. രംഗനാഥനോടും വനംവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥർ ഇഞ്ചംപാക്കത്തുള്ള രംഗനാഥന്റെ വീട്ടിൽ നിന്ന് കുരങ്ങിനെ കസ്റ്റഡിയിലെടുത്ത് ഈറോഡേക്ക് മാറ്റി. വനംവകുപ്പ് നടപടി ആരംഭിച്ചതിനെ തുടർന്ന് വിക്രം വിവാദ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ, വിഷയത്തിൽ നടൻ വിക്രം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഞായറാഴ്ചയാണ് വിക്രം കുരങ്ങുമൊത്തുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. എന്നാൽ, വിദേശ ഇനത്തിൽപ്പെട്ട മൃഗത്തെ കൈവശം വെച്ചതുമായി ബന്ധപ്പെട്ട് വനംവകുപ്പ് അന്വേഷണം തുടങ്ങിയത്. വന്യജീവി കച്ചവടത്തിനെതിരെയുള്ള അന്താരാഷ്ട്ര ഉടമ്പടിയായ ‘സൈറ്റ്സ്’ (CITES), ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമം എന്നിവ പ്രകാരം വംശനാശഭീഷണി നേരിടുന്നതും സംരക്ഷിക്കപ്പെടേണ്ടതുമായ ജീവിവർഗമാണ് ലാർ ഗിബ്ബൺ വിഭാഗത്തിൽപ്പെട്ട കുരങ്ങ്.
ഈ കുരങ്ങിനെ ജൂണിൽ മണിപ്പൂരിൽ നിന്ന് വാങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇതിനെ തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് കടത്തിക്കൊണ്ടുവന്നതാകമെന്നും വനംവകുപ്പ് സംശയിക്കുന്നുണ്ട്.
വിക്രമിന്റെ മകൾ അക്ഷിതയുടെ ഭർത്താവ് മനു രഞ്ജിത്തിന്റെ പിതാവാണ് പ്രമുഖ വ്യവസായ സ്ഥാപനമായ കാവിൻകെയറിന്റെ സ്ഥാപകനും ചെയർമാനുമായ സി.കെ. രംഗനാഥൻ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
