അമിതവേ​ഗത്തിലെത്തിയ ബിഎംഡബ്ല്യു ഡിവൈഡറിലിടിച്ച് മറിഞ്ഞു; മൂന്ന് മരണം

News Desk
1 Min Read

മുംബൈ: മുംബൈ കോസ്റ്റൽ റോഡിൽ അമിതവേ​ഗത്തിലെത്തിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞ് അപകടം. മൂന്ന് യുവാക്കൾ അപകടത്തിൽ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

സനായ് ഗുജ്ജർ (21), ആദിത്യ ജകാസാനിയ (19), ധൈര്യ ഷേത്ത് (17) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ആദിത്യ ഓസ്വാൾ (23) ആണ് ​ഗുരുതര പരിക്കുകളോടെ ചികിത്സയിലുള്ളത്. ഇവരുടെ മറ്റ് വിവരങ്ങൾ ലഭ്യമല്ല.

ഞായർ പുലർച്ചെ 5.30ഓടെ ലോട്ടസ് ജെട്ടിക്ക് സമീപം, ലാലാ ലജ്പത്‌റായ് കോളേജിന് എതിർവശത്തായിരുന്നു അപകടം. മറൈൻ ഡ്രൈവിൽ നിന്ന് ഹാജി അലിയിലേക്ക് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാർ അമിതവേഗത്തിലായിരുന്നുവെന്നും ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതായും കോസ്റ്റൽ റോഡ് കൺട്രോൾ റൂം അറിയിച്ചു. വാഹനം ഡിവൈഡറിൽ ഇടിച്ച ശേഷം ഏകദേശം 75 അടി താഴേക്ക് പതിച്ചതായും റിപ്പോർട്ടുണ്ട്.

വിലേ പാർലെയിലെ സ്വകാര്യ മാനേജ്മെന്റ് കോളേജിലെ ബിബിഎ വിദ്യാർഥികളാണ് നാലുപേരുമെന്നാണ് വിവരം. അമിതവേ​ഗമാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. അപകടമുണ്ടായതിനു പിന്നാലെ തന്നെ യുവാക്കളെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!