പ്രധാന്റെ രാജിക്കായി അണപൊട്ടി വിദ്യാർഥി രോഷം; രാജ്യമാകെ രോഷം

News Desk
1 Min Read

ന്യൂഡൽഹി: ജന്തർമന്തർ പ്രക്ഷോഭത്തിന്‌ പിന്തുണയുമായി രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നു. മുംബൈ, കൊൽക്കത്ത, ചെന്നെ, പട്ന, ജയ്‌പൂര്‍ തുടങ്ങിയ നഗരങ്ങളിൽ മന്ത്രി പ്രധാന്റെ രാജി ആവശ്യപ്പെട്ട്‌ വിദ്യാർത്ഥികളും യുവാക്കളും തെരുവിലിറങ്ങി.

എസ്‌എഫ്‌ഐയുടെ ആഹ്വാനപ്രകാരം കേരളം, ഹിമാചൽ, രാജസ്ഥാൻ, ഡൽഹി, ബംഗാൾ, ത്രിപുര, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്‌, പുതുച്ചേരി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ വിദ്യാർഥികൾ പഠിപ്പുമുടക്കി. കൊൽക്കത്തയിൽ വിദ്യാർഥികളുടെ മാർച്ചിന്‌ നേരെ പൊലീസ്‌ ലാത്തിവീശി.

കൊൽക്കത്തയിൽ സിയാൾദയിലും ജാദവ്‌പ്പുരിലും മറ്റും പഠിപ്പുമുടക്കിയ വിദ്യാർഥികൾ വൻപ്രകടനങ്ങൾ സംഘടിപ്പിച്ചു. അര ലക്ഷത്തോളം വിദ്യാർഥികൾ പങ്കാളികളായി. പൊലീസിന്റെ ലാത്തിയടികളെ ചെറുത്ത വിദ്യാർഥികൾ ധർമതാലയിൽ ബദൽജന്തർ മന്തർ സൃഷ്ടിച്ചു. ഷിംലയിൽ എസ്‌എഫ്‌ഐ പ്രവർത്തകർക്ക്‌ നേരെയുള്ള ബിജെപി ആക്രമണത്തിൽ നിരവധി വിദ്യാർഥികൾക്ക്‌ പരിക്കേറ്റു.

ഹിമാചലിലെ മറ്റ്‌ നഗരങ്ങളിലും എസ്‌എഫ്‌ഐ പ്രവർത്തകർ പ്രകടനങ്ങളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു. പുതുച്ചേരി വനിതാ എൻജിനീയറിങ്‌ കോളേജ്‌, കേന്ദ്രസർവകലാശാല, അംബേദ്‌ക്കർ ലോ കോളേജ്‌, സാങ്കേതിക സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാർഥികൾ പഠിപ്പുമുടക്കി. തമിഴ്‌നാട്ടിൽ ചെന്നൈയിൽ ലോക്‌ഭവനിലേക്ക്‌ വിദ്യാർഥികൾ മാർച്ചുചെയ്‌തു. ഡിണ്ടിഗൽ, തിരുനൽവേലി, മധുര, ഗൂഡല്ലൂർ, തഞ്ചാവൂർ, ഇ‍ൗറോഡ്‌, തിരുപ്പുർ, വില്ലുപുരം, കൃഷ്‌ണഗിരി, ധർമ്മപുരി, കാഞ്ചീപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിലും പ്രതിഷേധിച്ചു.

രാജസ്ഥാനിൽ സിക്കർ, ജുൻജുനു, ഹനുമാൻഗഢ്‌, ഗംഗാനഗർ, അനൂപ്‌ഗഡ്, ചുരു‍, ജയ്‌പ്പുർ, ബിക്കാനീർ, നീം കാ താന തുടങ്ങിയ നഗരങ്ങളിൽ വിദ്യാർഥികൾ തെരുവിലിറങ്ങി. ആന്ധ്രയിലെ വിജയവാഡയിൽ ലോക്‌ഭവനിലേക്ക്‌ എസ്‌എഫ്‌ഐ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. മറ്റ്‌ ഇടതുപക്ഷ വിദ്യാർഥി– യുവജന സംഘടനകളും പങ്കെടുത്ത പ്രതിഷേധ മാർച്ചിന്‌ നേരെ പൊലീസ്‌ ലാത്തിവീശി. നിരവധി പേർക്ക്‌ പരിക്കേറ്റു. നേതാക്കളെയും പ്രവർത്തകരെയും അറസ്‌റ്റുചെയ്‌തു നീക്കി. എസ്‌എഫ്‌ഐയുടെ രാജ്യവ്യാപകമായ രാത്രികാല പ്രക്ഷോഭത്തിനും വെള്ളിയാഴ്‌ച തുടക്കമായി.

‘രാത്‌ ജാഗോ, ദേശ്‌ ജാഗോ’ മുദ്രാവാക്യമുയർത്തിയുള്ള രാത്രി സമരത്തിൽ കലാകാരൻമാരെയും മറ്റും അണിനിരത്തും. എസ്‌എഫ്‌ഐ പ്രതിഷേധങ്ങളിൽ പങ്കാളികളായ വിദ്യാർത്ഥികളെ പ്രസിഡന്റ്‌ ആദർശ്‌ എം സജിയും ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യയും അഭിവാദ്യം ചെയ്‌തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article