മസ്‌കത്ത്: ദോഹയിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മെഡിക്കൽ എമർജൻസിയെ തുടർന്ന് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ക്രൂ അംഗത്തിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി. വിമാനത്താവളത്തിലെ മെഡിക്കൽ സംഘം ഉടൻ ആവശ്യമായ പ്രാഥമിക ചികിത്സ നൽകി. ചികിത്സ നൽകിയതോടെ ക്രൂ അംഗം ആരോഗ്യനില വീണ്ടെടുത്തതായാണ് വിവരം.
അപ്രതീക്ഷിതമായി വിമാനം തിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ പ്രയാസങ്ങൾ ലഘൂകരിക്കാൻ ഇൻഡിഗോ കമ്പനി യാത്രക്കാരെ ബംഗളൂരുവിലേക്ക് ബദൽ വിമാനവും പുതിയ ജീവനക്കാരെയും മസ്‌കത്തിൽ ഏർപ്പെടുത്തി. മസ്‌കത്ത് വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്ന യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച എയർലൈൻ, യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനത്തിന്റെയും സുരക്ഷക്കാണ് തങ്ങൾ എപ്പോഴും പ്രഥമ പരിഗണന നൽകുന്നതെന്ന് വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
