ജയ്പുർ: രാജസ്ഥാനിലെ സവായ് മാധോപുർ ജില്ലയിലെ സർക്കാർ സ്കൂളിൽ 500 രൂപ കാണാതായതിനെത്തുടർന്ന് അധ്യാപിക വിദ്യാർഥികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന് ആരോപണം.
ജില്ലയിലെ ലിവാലി ഗ്രാമത്തിലുള്ള ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലെ മുതിർന്ന അധ്യാപികയായ സരസ്വതി മീണയ്ക്കെതിരെയാണ് ആരോപണം.
ഒരു ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായതിനെ തുടർന്ന് അധ്യാപിക വിദ്യാർഥികളെ വിവസ്ത്രരാക്കി പരിശോധിക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ സരസ്വതി മീണയെ സസ്പെൻഡ് ചെയ്തു.
എന്നാൽ ഈ ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതായി ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഇത്തരമൊരു പരിശോധന നടന്നിട്ടില്ലെന്നും വിദ്യാർഥികളെക്കൊണ്ട് ബാഗുകൾ പരിശോധിപ്പിക്കുക മാത്രമാണ് ഉണ്ടായതെന്നും അധികൃതർ പറയുന്നു. കുട്ടികളും ഇത് ശരിവച്ചതായി സവായ് മധോപൂരിലെ ചീഫ് ഡിസ്ട്രിക്റ്റ് എജ്യുക്കേഷൻ ഓഫിസർ മീന കുമാരി ലസാരിയ പറഞ്ഞു. ഈ വിവാദം വകുപ്പിന്റെ പ്രതിച്ഛായയെ മോശമായി ബാധിച്ചതിനാലാണ് അധ്യാപികയ്ക്കെതിരെ നടപടിയെടുത്തതെന്നും അവർ പറഞ്ഞു.
‘‘ആരോപണങ്ങൾ സത്യമാണെന്ന് കണ്ടെത്തിയിട്ടില്ല. ഈ സംഭവം വകുപ്പിന്റെ പ്രതിച്ഛായയെ ബാധിച്ചതിനാൽ മീനയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്’’– ലസാരിയ കൂട്ടിച്ചേർത്തു. നാട്ടുകാർ ഉന്നയിച്ച ആരോപണങ്ങളിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് നിർണയിക്കാൻ കൂടുതൽ അന്വേഷണം നടത്തുമെന്ന് ലസാരിയ പറഞ്ഞു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഉദ്യോഗസ്ഥർ തുടരന്വേഷണം നടത്തിവരികയാണ്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം അധ്യാപിക നേരിട്ടല്ല പരിശോധനകൾ നടത്തിയതെന്നാണ് നിലവിലെ നിഗമനം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
