ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി വീടിന്റെ ശുചിമുറിയിൽ കുഴിച്ചുമൂടി. സംഭവത്തിൽ ഭാര്യ റൂബി അറസ്റ്റിൽ. സുരേന്ദ്ര കുമാറാണ് കൊല്ലപ്പെട്ടത്. സുരേന്ദ്രയുടെ സഹോദരൻ അനിൽ ശർമയ്ക്ക് തോന്നിയ സംശയമാണ് കേസിൽ നിർണായകമായത്.
മേയ് 18നാണ് സുരേന്ദ്ര കുമാർ ശർമയെ കാണാതായത്. ഭർത്താവ് എവിടെയെങ്കിലും പോയതാവും അദ്ദേഹം വൈകാതെ തിരിച്ചെത്തുമെന്നുമാണ് നാട്ടുകാരോടും ബന്ധുക്കളോടും റൂബി പറഞ്ഞിരുന്നത്. ഭർത്താവിനെ കാണാതായ വിവരം പൊലീസിനെയും വീട്ടുകാരേയും അറിയിച്ചതും റൂബിയാണ്. മേയ് 26നാണ് സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുന്നത്.
അന്വേഷണം തുടരുന്നതിനിടെ റൂബിയുടെ മൊഴിയിൽ പൊലീസിന് പൊരുത്തക്കേടുകൾ തോന്നി. ഇതിനിടെയാണ് വെരിഫിക്കേഷന്റെ ഭാഗമായി പൊലീസ് റൂബിയുടെ വീട്ടിലെത്തിയത്. ഈ സമയത്ത് യുവതിയുടെ സ്വഭാവത്തിൽ പൊലീസിന് അസ്വഭാവികത തോന്നി.
ഇതേസമയത്താണ് റൂബിയെ കുറിച്ച് സംശയമുണ്ടെന്ന് സുരേന്ദ്ര കുമാറിന്റെ സഹോദരൻ പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് വീട് പരിശോധിക്കാൻ തീരുമാനിച്ചു. ഈ പരിശോധനയിലാണ് ശുചിമുറിയിൽ പുതിയതായി ഇട്ട ടൈല്‍ ശ്രദ്ധയിൽപെട്ടത്. തുടർന്ന് ടൈൽ മാറ്റി പരിശോധിച്ചപ്പോഴാണ് സുരേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിന് തൊട്ടു പിന്നാലെ തന്നെ യുവതി ഭർത്താവിന്റെ മൃതദേഹം കുഴിച്ചിട്ടു എന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം മണ്ണിട്ട് മൂടിയ ശേഷമാണ് ടൈലുകൾ പാകിയത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ റൂബി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ കൊലപാതകത്തിനുള്ള കൃത്യമായ കാരണം ഇതുവരെയും അറിവായിട്ടില്ല.
സുരേന്ദ്ര പതിവായി മദ്യം കഴിക്കുമായിരുന്നു. ഇതു ദമ്പതികൾക്കിടയിൽ വഴക്കിന് കാരണമായിരുന്നു എന്ന് സുരേന്ദ്രയുടെ സഹോദരൻ അനിൽ ശർമ പറഞ്ഞു. സുരേന്ദ്രയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഫൊറൻസിക് സംഘം വീട്ടിൽ നിന്ന് തെളിവുകൾ ശേഖരിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
