എഐഎഡിഎംകെ നേതാക്കൾ കൂട്ടത്തോടെ ടിവികെയിൽ; മുന്നണി വിട്ടത് മുൻ മന്ത്രിമാരടക്കം

News Desk
2 Min Read

ചെന്നൈ: നാലു മുൻ മന്ത്രിമാർ അടക്കം എഐഎഡിഎംകെ നേതാക്കൾ കൂട്ടത്തോടെ ടിവികെയിൽ. മുൻമന്ത്രിമാരായ സി വിജയഭാസ്കർ ,എം ആർ വിജയഭാസ്കർ ,എസ് വളർമതി ,എംഎസ്എം ആനന്ദൻ തുടങ്ങിയ നേതാക്കളാണ് ടിവികെയിൽ ചേർന്നത്. ഇതിൽ സി വിജയഭാസ്കറും എംആർ വിജയഭാസ്കറും എംഎൽഎ സ്ഥാനം രാജിവച്ചാണ് ടിവികെ അംഗത്വമെടുത്തത്. അഞ്ചു മുൻ എംഎൽഎമാരും, നാലു ജില്ലാ സെക്രട്ടറിമാരും ഇവർക്ക് ഒപ്പം ടിവികെയിൽ ചേർന്നു.

മഹാബലിപുരത്ത് നടന്ന ചടങ്ങിൽ മന്ത്രിമാരായ എൻ. ആനന്ദും ആധവ് അർജുനയും നേതാക്കളെ അംഗത്വം നൽകി സ്വീകരിച്ചു. അയ്യായിരത്തിൽ അധികം പ്രവർത്തകരും പ്രാദേശിക നേതാക്കളും ടിവികെയിൽ ചേർന്നതായി സി വിജയഭാസ്കർ അവകാശപ്പെട്ടു. അതേസമയം ടിവികെ കുതിരക്കച്ചവടം നടത്തുകയാണെന്ന ആരോപണവുമായി എഐഎഡിഎംകെയും രംഗത്തുവന്നു. തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനാണ് എംപി ഇമ്പദുരൈയുടെ തീരുമാനം.

വിജയ് സർക്കാരിനെ വീഴ്ത്താൻ 15 എംഎൽഎമാരെ രാഷ്ട്രീയ എതിരാളികൾ സമീപിച്ചുവെന്ന ആരോപണവുമായി ഭരണകക്ഷിയായ ടിവികെ നേരത്തേ പ്രതികരിച്ചിരുന്നു. ഉത്തങ്കരെ എംഎൽഎ ഇളയരാജയാണ് പരാതിക്കാരൻ.

തമിഴ്നാട് സ്പീക്കർ ജെസിഡി പ്രഭാകറിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ തിരുനാവാക്കരശ് എന്നയാൾ സമീപിച്ചുവെന്നാണ് ഇളയ രാജയുടെ പരാതിയിൽ പറയുന്നത്. അന്വേഷണത്തിൽ തിരുനാവാക്കരശ് ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ സെന്തിൽ ബാലാജിയുമായി ബന്ധമുള്ളവരാണ് ഇവരെന്നും പൊലീസ് പറയുന്നു.

എന്നാൽ വിജയും എംഡിഎംകെ തലവൻ വൈകോയും ചേർന്ന് പാർട്ടി എംഎൽഎമാരെ അടർത്തി മാറ്റാൻ ശ്രമിച്ചുവെന്ന ആരോപണമാണ് ഡിഎംകെയ്ക്ക്. ഉദയസൂര്യൻ ചിഹ്നത്തിൽ വിജയിച്ച എംഡിഎംകെ എംഎൽഎമാരെയാണ് ടിവികെ സമീപിച്ചതെന്ന് ഡിഎംകെ ഓർഗനൈസിംഗ് സെക്രട്ടറി ആർഎസ് ഭാരതി ആരോപിച്ചു.

എംഎൽഎ സ്ഥാനം രാജിവച്ചു വീണ്ടും ഉപതെരെഞ്ഞെടുപ്പിനെ നേരിടണമെന്നും ആവശ്യമായ സാമ്പത്തിക സഹായം ഉറപ്പാകുമെന്നുമായിരുന്നു വാഗ്ദാനം. വാഗ്ദാനം നിരസിച്ച രണ്ടു എംഎൽഎമാരും ഡിഎംകെയ്ക്ക് ഒപ്പം നില്കുമെന്ന നിലപാട് സ്വീകരിച്ചതായും ഭാരതി പറഞ്ഞു. അധികാരം ദുർവിനിയോഗം ചെയ്ത വിജയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടു ഭാരതി ഗവർണർക്ക് കത്ത് നൽകിയിരുന്നു.

അതിനിടെ ഡിഎംകെക്കെതിരെ ആരോപണവുമായി സിപിഐഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖം രംഗത്തെത്തി. ഡിഎംകെ കുതിരകച്ചവടത്തിലൂടെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ഷണ്മുഖം പറഞ്ഞു. അധികാരം നഷ്ടപ്പെട്ടതുമായി ഡിഎംകെയ്ക്ക് പൊരുത്തപ്പെടാൻ കഴിയുന്നില്ല. അതിനാൽ അധാർമിക മാർഗങ്ങളിലൂടെ സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്നു കൂറുമാറ്റം ഉറപ്പാക്കാൻ പണം വാഗ്ദാനം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും പി. ഷണ്മുഖം വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article