ജുബൈൽ: ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹി സെന്ററിന് കീഴിൽ സാമൂഹ്യ ചിന്തകളെ പരിപോഷിപ്പിക്കാനുള്ള വേദിയായ സ്റ്റെപ്പ് (STEP) സംഘടിപ്പിച്ച “ഇന്ത്യൻ ഭരണഘടനയും വ്യക്തിനിയമങ്ങളും” വിഷയത്തെ ആസ്പദമാക്കിയ സെമിനാർ ശ്രദ്ധേയമായി. സാമൂഹിക പ്രതിബദ്ധത, ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന അവകാശ സംരക്ഷണം, മുസ്ലിം വ്യക്തി നിയമങ്ങളുടെ പ്രാധാന്യം തുടങ്ങിയവയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.
പരിപാടിയിൽ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ സഊദി ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റി അഡ്വൈസറി ബോർഡ് കൺവീനർ എൻ. വി. മുഹമ്മദ് സാലിം മുഖ്യപ്രഭാഷണം നടത്തി. ഭരണഘടനയും വ്യക്തിനിയമങ്ങളും സംബന്ധിച്ച വിഷയങ്ങളെ വസ്തുനിഷ്ഠമായും ഭരണഘടനാപരമായും സമീപിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും, ഭരണഘടനാ രൂപീകരണത്തിൽ വിവിധ നേതാക്കളുടെ പങ്ക്, വ്യക്തി നിയമങ്ങളുടെ ഭരണഘടനാപരമായ അടിത്തറ, യൂണിഫോം സിവിൽ കോഡ് (യു.സി.സി.) സംബന്ധിച്ച ആശയങ്ങളും യാഥാർഥ്യങ്ങളും, വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തിനിയമങ്ങളുടെ പ്രസക്തി, വൈവിധ്യത്തെ അംഗീകരിക്കുന്ന ജനാധിപത്യ സംവിധാനത്തിന്റെ ഭരണഘടനാ അടിസ്ഥാന മൂല്യങ്ങൾ, സമകാലിക നിയമ-സാമൂഹിക വിഷയങ്ങൾ, നിയമ വ്യവസ്ഥിതി – ഇസ്‌ലാമിക കാഴ്ചപ്പാട് തുടങ്ങിയവ സെമിനാർ ചർച്ച ചെയ്തു.
ജുബൈൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജനറൽ സെക്രട്ടറി അബ്ദുൽ മന്നാൻ, STEP ഭാരവാഹികളായ നൗഫൽ സുബൈർ, ഷിയാസ്, നാസറുദ്ദീൻ പുനലൂർ, ഷൈലാസ് കുഞ്ഞു, മുഹമ്മദ് നിയാസ്, നൗഫൽ റഹ്മാൻ, അമീൻ നരികുനി എന്നിവർ സെമിനാറിന് നേതൃത്വം നൽകി. സാമൂഹ്യ, പ്രവർത്തകരടക്കം വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ കുടുംബ സമേതം സെമിനാറിൽ പങ്കെടുത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
