മഹാരാഷ്ട്രയിൽ ഏക സിവിൽ കോഡ് നടപ്പാക്കാൻ തിരക്കിട്ട നീക്കം; കരട് തയ്യാറാക്കാൻ സമിതിയെ നിയോഗിച്ചു

News Desk
2 Min Read

മുംബൈ: മഹാരാഷ്ട്രയിൽ ഏക സിവിൽ കോഡ് (യു സി സി) നടപ്പാക്കാൻ തിരക്കിട്ട നീക്കവുമായി ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ. ഇക്കാര്യം പരിശോധിക്കുന്നതിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതായി ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം ഇന്നലെ നിയമസഭയെ അറിയിച്ചു.

സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നാസിക് ജില്ലയിലെ മുത്തലാഖ് സംഭവങ്ങളുമായി ബന്ധപ്പെട്ട് ബി ജെ പി എം എൽ എ ദേവയാനി ഫരാന്ദെ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

മുത്തലാഖ് നിരോധിച്ചിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ വർധിച്ചുവരികയാണെന്ന് ദേവയാനി ഫരാന്ദെ അവകാശപ്പെട്ടു. ഉത്തരാഖണ്ഡ്, ഗുജറാത്ത് മാതൃകയിൽ മഹാരാഷ്ട്രയിലും യു സി സി കൊണ്ടുവരുമോ എന്നും അസം മാതൃകയിൽ ബഹുഭാര്യത്വം നിരോധിക്കുമോ എന്നും അവർ ചോദിച്ചു. ഏക സിവിൽ കോഡ് നിലവിൽ വരുന്നതോടെ ബഹുഭാര്യത്വത്തിനുള്ള നിരോധനവും ഇതിൽ ഉൾപ്പെടുമെന്ന് മന്ത്രി മറുപടി നൽകി. സർക്കാർ ഏതെങ്കിലും മതത്തിനോ വ്യക്തിക്കോ എതിരല്ലെന്നും മതം നോക്കാതെ എല്ലാ വ്യക്തികൾക്കും യു സി സി ബാധകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചയ്ക്കിടെ ഭരണകക്ഷിയിലെ എൻ സി പി. എം എൽ എ സനാ മാലിക് ഇതിനെതിരെ രംഗത്തുവന്നു. മുസ്ലിം സ്ത്രീകൾ മാത്രമാണോ അതിക്രമങ്ങൾ നേരിടുന്നതെന്നും ഇസ്ലാമിൽ മാത്രമാണോ ബഹുഭാര്യത്വം നിലനിൽക്കുന്നതെന്നും അവർ ചോദിച്ചു. ഇൻസ്റ്റന്റ് തലാഖ് മാത്രമാണ് നിരോധിച്ചതെന്നും മുത്തലാഖ് അല്ലെന്നും അവർ പറഞ്ഞു. സനാ മാലിക്കിന്റെ പരാമർശത്തെ പ്രതിപക്ഷം പിന്തുണച്ചപ്പോൾ, രാജ്യം ഭരിക്കേണ്ടത് ഭരണഘടന അനുസരിച്ചാണെന്ന് ബി ജെ പി. എം എൽ എമാർ വാദിച്ചു. ഇത് സഭയിൽ വലിയ ബഹളത്തിന് കാരണമായി.

2024-ൽ 42 മുത്തലാഖ് കേസുകൾ രജിസ്റ്റർ ചെയ്യുകയും 152 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി കദം സഭയെ അറിയിച്ചു. 2025-ൽ 39 കേസുകളിലായി 95 അറസ്റ്റുകൾ നടന്നു. ഈ ആചാരം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും നിയമം ഉപയോഗിച്ച് നേരിടണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ മാർച്ച് മാസത്തെ ബജറ്റ് സമ്മേളനത്തിൽ മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലിജിയൻ ബിൽ 2026 പാസാക്കിയതിന് പിന്നാലെയാണ് ഉത്തരാഖണ്ഡ് മാതൃകയിൽ യു സി സി നടപ്പാക്കാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചത്. നിയമ-ന്യായം, പൊതുഭരണം, ആഭ്യന്തരം, വനിതാ ശിശുക്ഷേമം തുടങ്ങി വിവിധ വകുപ്പുകളോട് യു സി സി സംബന്ധിച്ച് മറുപടി നൽകാൻ ലെജിസ്ലേറ്റീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ നീലം ഗോർഹെ നിർദ്ദേശിച്ചിരുന്നു.

നേരത്തെ 2022 ഡിസംബറിൽ അന്നത്തെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് യു സി സി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. 2024 ഫെബ്രുവരിയിൽ ഉത്തരാഖണ്ഡ് ആണ് ആദ്യമായി യു സി സി നിയമം പാസാക്കിയത്. ഇതിന് പിന്നാലെ 2026 ഏപ്രിലിൽ ഗുജറാത്തും മേയിൽ അസമും യു സി സി ബിൽ പാസാക്കി. മധ്യപ്രദേശിലും ഇതിനായുള്ള കരട് തയ്യാറാക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article