സ്വർണവില രാജ്യാന്തര വിപണിയിൽ കഴിഞ്ഞ രണ്ടാഴ്ചത്തെ ഏറ്റവും താഴ്ചയിലേക്ക് ഇടിഞ്ഞു. 75 ഡോളർ ഇടിവുമായി ഔൺസിന് 4056 ഡോളറിലാണ് ഇപ്പോൾ വിലയുള്ളത്. ഈ ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ രാജ്യാന്തര സ്വർണവിലയിലുണ്ടായ ഇടിവ് 12 ശതമാനമാണ്. 2016 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ വീഴ്ച.
കേരളത്തിൽ പവൻവില ഒരുലക്ഷം രൂപയ്ക്കും താഴെയെത്തുമോ എന്ന ചോദ്യം മുഴങ്ങുന്നു. ഇന്ന് രാവിലെ 200 രൂപ കുറഞ്ഞ് വില 1,05,840 രൂപയായി. ഗ്രാമിന് 25 രൂപ താഴ്ന്ന് 13,230 രൂപ. ഈമാസം ഇതുവരെ പവൻവില 8720 രൂപ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തിനിടെ 5280 രൂപയും. അതായത്, 5840 രൂപ കൂടി ഇടിഞ്ഞാൽ പവൻവില വീണ്ടും ഒരുലക്ഷത്തിന് താഴെയെത്തും. നിലവിലെ ട്രെൻഡ് നോക്കുമ്പോൾ അതിനുള്ള സാധ്യതയാണ് വ്യാപാരികളും കാണുന്നത്.
ഒരുലക്ഷമല്ല; പവൻ 90,000ലേക്ക്?
രാജ്യാന്തരവില വൈകാതെ 4025 ഡോളറിനും താഴെ എത്തിയേക്കുമെന്ന വാദങ്ങളുണ്ട്. 4000നും താഴെ എത്തിയാൽ ആ വീഴ്ച 3500 ഡോളറിലേക്കുവരെ നീളാം. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തും. 90,000 രൂപയ്ക്കും താഴെയെത്തുമെന്ന നിഗമനങ്ങളും ഉയർന്നിട്ടുണ്ട്.
∙ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് 2026ൽ അടിസ്ഥാന പലിശനിരക്ക് കൂട്ടിയേക്കുമെന്ന വിലയിരുത്തൽ ശക്തമാണ്. ഇതിന്റെ പിൻബലത്തിൽ ഡോളർ കരുത്താർജ്ജിക്കുന്നു.
∙ രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. അതുകൊണ്ട്, ഡോളർ ശക്തമായാൽ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾക്ക് സ്വർണം വാങ്ങുന്നത് പ്രയാസകരമാകും. ഇത് ഡിമാൻഡിനെ ബാധിക്കും; വില താഴും.
∙ അമേരിക്ക പലിശനിരക്ക് കൂട്ടിയാൽ ബാങ്ക് നിക്ഷേപം, കടപ്പത്ര നിക്ഷേപം എന്നിവ ആകർഷകമാകും. നിക്ഷേപകർ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപങ്ങളെ കൈവിട്ട്, വലിയ നേട്ടം നൽകുന്ന ബാങ്ക് നിക്ഷേപം, കടപ്പത്രം എന്നിവയിലേക്ക് ചേക്കേറും. ഇതും സ്വർണവിലയിടിവിന്റെ ആക്കംകൂട്ടാം.
5 മാസം; പവന് ഇടിഞ്ഞ് 25,320 രൂപ
ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവന്റെ റെക്കോർഡ് വില. അന്ന് ഗ്രാമിന് 16,395 രൂപയായിരുന്നു. തുടർന്ന് ഇതുവരെ പവന് ഇടിഞ്ഞത് 25,320 രൂപ; ഗ്രാമിന് 3165 രൂപയും. സമാനമായ വിലയിടിവ് സംസ്ഥാനത്ത് വീണ്ടും പ്രതീക്ഷിക്കാമോ? അതുസംഭവിച്ചാൽ ഉപഭോക്താക്കൾക്ക് കോളടിക്കും. പക്ഷേ, സ്വർണത്തെ നിക്ഷേപമായികണ്ട് പണമിറക്കിയവർക്ക് നിരാശയുമാകും.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) കണക്കുപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 20 രൂപ കുറഞ്ഞ് 10,930 രൂപയായി. വെള്ളിക്ക് വില മാറിയില്ല; ഗ്രാമിന് 245 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഗ്രാമിന് 20 രൂപ കുറച്ച് 10,875 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് നിശ്ചയിച്ചത്. വെള്ളിക്ക് 245 രൂപ. ഗ്രാമിന് 15 രൂപ കുറഞ്ഞ് 8470 രൂപയാണ് 14 കാരറ്റ് സ്വർണവില. 15 രൂപ കുറച്ച് 5460 രൂപയാണ് 9 കാരറ്റ് സ്വർണത്തിന് നിശ്ചയിച്ചത്.
∙ രാജ്യാന്തര സ്വർണവില സർവകാല ഉയരമായ 5417 ഡോളറിൽ നിന്ന് ഇതിനകം 24% ഇടിഞ്ഞു. വെള്ളിവില റെക്കോർഡ് 117 ഡോളറിൽ നിന്ന് 47 ശതമാനത്തിലധികം താഴ്ന്ന് ഇപ്പോഴുള്ളത് 61 ഡോളറിൽ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
