ന്യൂഡൽഹി: പത്മ പുരസ്കാരങ്ങൾ രാഷ്ട്രപതി വിതരണം ചെയ്തു. സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ.ടി.തോമസ്, ജൻമഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്ന പി.നാരായണൻ എന്നിവർ പത്മവിഭൂഷൻ ബഹുമതിയും നടൻ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ ബഹുമതിയും ഏറ്റുവാങ്ങി. രണ്ടാംഘട്ട അവാർഡ് വിതരണമാണ് നടന്നത്.
മോഹിനിയാട്ടം കലാകാരി കലാമണ്ഡലം വിമല മേനോൻ, ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോ. എ.ഇ.മുത്തുനായകം, പരിസ്ഥിതി പ്രവർത്തനങ്ങളുടെ പേരിൽ കായംകുളം കണ്ടല്ലൂർ കൊല്ലകൽ ദേവകിയമ്മ എന്നിവർക്കാണു കേരളത്തിൽനിന്നു പത്മശ്രീ ലഭിച്ചത്. എറണാകുളത്തു ജനിച്ച എൻ.രാജത്തെ യുപിയുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയത്. ബനാറസ് ഹിന്ദു സർവകലാശാലയിൽ ഡീനും ഇമെരിറ്റസ് പ്രഫസറുമായിരുന്നു.
മഹാരാഷ്ട്ര മുൻ ഗവർണറും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഭഗത് സിങ് കോഷിയാരി, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ, ഡൽഹിയിലെ മുതിർന്ന ബിജെപി നേതാവ് വി.കെ.മൽഹോത്ര, കോട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകൻ ഉദയ് കോട്ടക്, ഗായിക അൽക യാഗ്നിക്, ഇന്ത്യൻ പരസ്യരംഗത്തെ ഇതിഹാസമായിരുന്ന പിയൂഷ് പാണ്ഡെ തുടങ്ങി 18 പേർക്കാണു പത്മഭൂഷൺ ലഭിച്ചത്. സോറൻ, മൽഹോത്ര, പാണ്ഡെ എന്നിവർക്കു മരണാനന്തര ബഹുമതിയാണ്.
ക്രിക്കറ്റ് താരങ്ങളായ രോഹിത് ശർമ, ഹർമൻപ്രീത് കൗർ, ഹോക്കി താരം സവിത പുനിയ, മുതിർന്ന ടെന്നിസ് താരം വിജയ് അമൃത് രാജ്, പാരാലിംപിക്സ് സ്വർണ മെഡൽ ജേതാവ് പ്രവീൺകുമാർ, കർണാടക സംഗീതജ്ഞരായ ഗായത്രി ബാലസുബ്രഹ്മണ്യം, രഞ്ജിനി ബാലസുബ്രഹ്മണ്യം, മുൻ ആഭ്യന്തര അണ്ടർ സെക്രട്ടറി ആർ.വി.എസ്.മണി തുടങ്ങി 131 പേർക്കാണ് പത്മശ്രീ ലഭിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
