ജെയ്ഷെ മുഹമ്മദുമായി ബന്ധം, ഇന്ത്യയിൽ സ്ഫോടനങ്ങൾക്ക് പദ്ധതി; രാജസ്ഥാനിൽ സ്ത്രീ അറസ്റ്റിൽ

News Desk
2 Min Read

ജയ്പുർ: ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ സ്ലീപ്പർ സെല്ലുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെ രാജസ്ഥാൻ ഭീകരവിരുദ്ധ സേന ജയ്പുരിൽ നിന്ന് അറസ്റ്റ് ചെയ്തു. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗംഗാപുർ സ്വദേശിനിയും നിലവിൽ ജയ്പുരിൽ താമസിക്കുകയുമായിരുന്ന ബബിത ധാക്കഡ് ആണ് പിടിയിലായത്.

പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന് രണ്ട് സിം കാർഡുകളും, വിദേശ പ്രൊഫൈലുകളിലേക്ക് ലിങ്കുകളുള്ളതും ആക്ഷേപകരവുമായ ഉള്ളടക്കങ്ങൾ അടങ്ങിയതുമായ ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടും കണ്ടെത്തി.

ഇവരുടെ ഫെയ്സ്ബുക്ക് ഫ്രണ്ട് ലിസ്റ്റിൽ ജെയ്ഷെ മുഹമ്മദ് ഉൾപ്പെടെയുള്ള നിരോധിത ഭീകരസംഘടനകളുടെ പതാകകളും സായുധരായ വ്യക്തികളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ച നിരവധി അക്കൗണ്ടുകൾ ഉള്ളതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടാതെ, നിരവധി പാക്കിസ്ഥാൻ നമ്പറുകളുമായും വിദേശ കോൺടാക്റ്റുകളുമായും ഇവർ വാട്സാപ്പ് വഴി ആശയവിനിമയം നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.

ഫോൺ വഴി യുവതിയുടെ മതപരിവർത്തനത്തിന് പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഒരു പുരോഹിതൻ സൗകര്യമൊരുക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അബു ഉബൈദ എന്നയാൾക്ക് ഇവരെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് പുരോഹിതൻ അറിയിച്ചതായും, ഇതിന്റെ ഭാഗമായി പ്രാർഥനകൾ നടത്താ‌ൻ നിർദേശിച്ചതായും സൂചനയുണ്ട്. യുവതിയെ നേപ്പാൾ, സൗദി അറേബ്യ അല്ലെങ്കിൽ യുഎഇ വഴി പാക്കിസ്ഥാനിലേക്ക് കടത്താൻ പദ്ധതിയിട്ടിരുന്നതായും അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. 

പഴയ ഭീകരാക്രമണ കേസുകളിൽ ഉൾപ്പെട്ടവരുമായും ജെയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ അടുത്ത അനുയായികളുമായും ഇവർക്ക് ബന്ധമുള്ളതായി സൂചനയുണ്ട്. ഇന്ത്യൻ എയർലൈൻസ് ഐസി 814 വിമാനം തട്ടിക്കൊണ്ടുപോയ കേസുമായി ഇവർക്ക് ബന്ധമുണ്ടോ എന്നും ഏജൻസികൾ പരിശോധിക്കുന്നുണ്ട്. 2016 നവംബർ 29ന് ജമ്മുവിലെ ബാലിനി വിജിലുള്ള ഇന്ത്യൻ സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ടും ഇവർക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. ജെയ്ഷെ കമാൻഡർ ഖാരി സറാർ ആസൂത്രണം ചെയ്ത ആ ആക്രമണത്തിൽ ആറ് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.

അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഡിജിറ്റൽ തെളിവുകൾ കൂടുതൽ പരിശോധിക്കേണ്ടതുണ്ടെന്നും ഭീകര വിരുദ്ധസേന സൂപ്രണ്ട് മനീഷ് ത്രിപാഠി പറഞ്ഞു. ഭീകരസംഘടനകൾ ഇവരെ ഭീകരവാദത്തിലേക്ക് ആകർഷിച്ചതാകാനും മതം മാറ്റാൻ ശ്രമിച്ചതാകാനും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആറ്-ഏഴ് മാസങ്ങളായി ഇവരെ മതപരിവർത്തനം നടത്താനും ഇന്ത്യയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കാനും ശ്രമങ്ങൾ നടന്നിരുന്നതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. നിരോധിത സംഘടനകളുമായി ബന്ധമുള്ള സമൂഹമാധ്യമ അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, പാക്കിസ്ഥാനുമായും ജെയ്ഷെ മുഹമ്മദുമായും ഇവർക്ക് വ്യക്തമായ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article