സഊദിയിൽ ബാങ്ക് ലോൺ പേരിൽ മലയാളി സംഘത്തിന്റെ വൻ ഡിജിറ്റൽ തട്ടിപ്പ്, കോഴിക്കോട് സ്വദേശിക്ക് പണം നഷ്ടമായി

malayalampress
4 Min Read

ദമാം: സഊദിയിൽ ഡിജിറ്റൽ ബാങ്ക് ലോൺ വഞ്ചനയിൽ കുടുങ്ങിയ മലയാളികൾക്ക് പണം നഷ്ടമായി. മലയാളികളുടെ സംഘം തന്നെ ഒരുക്കിയ കെണിയിൽ പെട്ടാണ് പലർക്കും പണം നഷ്ടമായത്. ഏറ്റവും ഒടുവിൽ കോഴിക്കോട് സ്വദേശി ഇത്തരത്തിൽ പണം നഷ്ടമായ വേദന പങ്ക് വെച്ചു. 30,000 റിയാൽ ലോൺ കിട്ടുമെന്ന പ്രതീക്ഷയിൽ സകല വിവരങ്ങളും പിന്നീട് പണവും കൈമാറിയ ഇദ്ദേഹം ഇനി ഈ വൻതുക ഇഖാമയിൽ കയറുമോ തിരിച്ചടക്കേണ്ടി വരുമോ എന്ന വേവലാതിയിലാണ്. മലയാളികൾ തന്നെ ഒരുക്കിയ കെണിയിൽ വീണ പലരും പുറത്ത് പറയാൻ മടിക്കുന്നവരും ഉണ്ട്. സഊദിയിൽ നിന്നും ദുബായ്ൽ നിന്നുമുള്ള മലയാളി തട്ടിപ്പ് സംഘമാണ് ആളുകളെ വലയിലാക്കി പണം കവരുന്നത്.

തട്ടിപ്പിന്റെ രൂപം

പണം ആവശ്യമായ ആളുകളെ കണ്ടെത്തി സഊദിയിൽ നിന്ന് ലോൺ ശരിയാക്കിത്തരാം എന്ന പേരിലാണ് സംഘം പ്രവാസികളെ വലയിലാക്കുന്നത്. സാലറിയിൽ നിന്ന് മാസം തോറും കുറഞ്ഞ പണമാണ് പിടിക്കുകയെന്നും ഭാരം അനുഭവപ്പെടാതെ തന്നെ നിശ്ചിത മാങ്ങങ്ങൾക്കുള്ളിലൊ വർഷങ്ങൾക്കുള്ളിലൊ പണം അടച്ചു തീർക്കാമെന്നും ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ കേൾക്കുന്നതോടെ പലരും ഇവരുടെ കെണിയിൽ കുടുങ്ങും. പിന്നീട് സഊദിയിലെ ഏജന്റാണെന്നും ദുബൈയിലെ ഹെഡ് ഓഫീസിൽ നിന്നാണെന്നും പറഞ്ഞു പല വിധത്തിലുള്ള ഫോൺ കോളുകളും ചാറ്റുകളും വരുന്നതോടെ വിശ്വാസം പിടിച്ചു പറ്റി ഇഖാമ, പാസ്സ്പോർട്ട്, ഫോട്ടോ, ബാങ്ക് അകൗണ്ട് തുടങ്ങി വിവിധ രേഖകൾ കൈക്കലാക്കുകയും ചെയ്യും.

+966 591042741, +966 590368180, എന്നീ സഊദി നമ്പറുകളിൽ നിന്നും +971544868256 എന്ന യു എ ഇ നമ്പറിൽ നിന്നുമാണ് ബന്ധപ്പെടുന്നത്.

ലോൺ ശരിയാക്കുന്നതിന്റെ ഭാഗമായി എന്നോണം ഇതിനിടെ പല തവണ ഇവർ ബന്ധപ്പെടും. അവസാനം ലോൺ ശരിയായി എന്നും നിശ്ചിത ദിവസം അകൗണ്ടിലേക്ക് ട്രാൻസ്ഫർ ആകും എന്നും പറയുന്നതോടെ നാടകത്തിന്റെ ഒന്നാം തിരശീല വീഴും. ലോൺ കിട്ടിയെന്ന ആശ്വാസത്തിൽ കഴിയുന്നയാൾക്ക് ഈ ആശ്വാസത്തിന് അൽപായുസ്സ് മാത്രമെ ഉണ്ടാകൂ. പ്രസ്തുത സമയം കഴിഞ്ഞിട്ടും അകൗണ്ടിൽ കയറാത്തതിനെ തുടർന്ന് ബന്ധപ്പെടുമ്പോഴാണ് അടുത്ത ചതിയുടെ ഘട്ടം ആരംഭിക്കുന്നത്.

അക്കൗണ്ട് നമ്പറിൽ ചെറിയ പ്രശ്‌നം ഉണ്ട് അത് ശരിയായാൽ ഉടൻ പണം കയറും അത് ശരിയാക്കാൻ അർജന്റ് ആയി 4,000 റിയാൽ വേണമെന്ന് ആവശ്യം. ഇല്ലെങ്കിൽ അബ്‌ഷീറിൽ കേസ് വരുമെന്നും പ്രശ്നം ആകുമെന്നും ഉൾപ്പെടെയുള്ള നിർദേശങ്ങൾ കേൾക്കുന്നതോടെ മറ്റൊന്നും ആലോചിക്കാതെ ലോൺ ശരിയായ ആവേശത്താൽ കൈവശം ഇല്ലെങ്കിലും എവിടുന്നെങ്കിലും സംഘടിപ്പിച്ചു പണം കൈമാറിയതോടെയാണ് ചതി മനസിലായത്. തുടർന്ന് വീണ്ടും മറ്റൊരു പ്രശ്നം ചൂണ്ടികാട്ടി വീണ്ടും പണം ആവശ്യപ്പട്ടു. ചുരുക്കത്തിൽ ലോൺ എടുത്ത പണവും ഇവിടുന്ന് നൽകിയ പണവും തട്ടിപ്പുകാരുടെ അകൗണ്ടിൽ എത്തുമെന്നതോടൊപ്പം ചതിയിൽ പെടുന്നയാളുടെ തലയിൽ ഈ പണം എല്ലാം വരുമെന്ന് ചുരുക്കം.

കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ആളുകളെ ലക്ഷ്യമാക്കിയാണ് തട്ടിപ്പ് സംഘം വിലസുന്നത്. ഇവരുടെ നമ്പറുകളിൽ തിരിച്ചു വിളിച്ചാൽ കിട്ടുകയുമില്ല. ഇങ്ങോട്ട് വിളിക്കുന്ന സമയം ഇക്കാര്യം ചോദിച്ചാൽ, പല കോളുകളും വരുന്നത് മൂലമെന്നോ ടെക്നിക്കൽ പ്രശ്നം ആകുമെന്നോ ആയിരിക്കും ഉത്തരം.

തട്ടിപ്പിൽ പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. നമ്മുടെ ഫോണിൽ നിന്നുള്ള OTP ഉൾപ്പെടെ ഒരു ഇൻഫർമേഷനും ആർക്കും ഫോൺ വഴി നൽകാതിരിക്കുക
  2. ഒരു ബാങ്കും വെറുതെ ലോൺ നൽകുകയില്ലെന്ന പ്രാഥമിക ബോധം ഉണ്ടാകുക
  3. ചുരുങ്ങിയത് ലോൺ നൽകുന്ന ബാങ്ക്/ഡിജിറ്റൽ ബാങ്ക് സഊദിയുടെ കേന്ദ്ര ബാങ്ക് (സാമ) അംഗീകാരം ഉള്ളതാണോ എന്ന് പരോശോധിക്കുക.
  4. നിലവിൽ ഡിജിറ്റൽ ആപ്പുകൾ ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യുമ്പോൾ നഫാത് വഴി രജിസ്റ്റർ ആകുന്നത് ആണോ എന്ന് ശ്രദ്ധിക്കുക. അല്ലാത്തത് ഫേക്ക് സർവ്വീസ് / സംവിധാനങ്ങൾ ആയിരിക്കും എന്ന തിരിച്ചറിവ് ഉണ്ടാകുക.
  5. മന്ത്രാലയങ്ങൾ, ജവാസാത്, പോലീസ് സ്റ്റേഷൻ, ലേബർ ഓഫീസ്, തുടങ്ങി ഏത് ഉന്നതങ്ങളിൽ നിന്ന് ആണെന്ന് പറഞ്ഞു കോളുകൾ വന്നാലും ഒരു വിവരവും ഫോണിലൂടെ നൽകാതിരിക്കുക. വല്ല സംശയവും ഉണ്ടെങ്കിൽ സ്പോൺസർ / GRO എന്നിവരോടൊപ്പം നേരിട്ട് ചെന്ന് അന്വേഷിക്കുക.

തട്ടിപ്പുകൾ എങ്ങനെ റിപ്പോർട്ട് ചെയ്യാം? 👇

സഊദി അറേബ്യയിൽ ഒരു തട്ടിപ്പ് കോൾ റിപ്പോർട്ട് ചെയ്യാൻ

എസ്എംഎസ് ഫോർവേഡിംഗ്: 330330 എന്ന നമ്പറിലേക്ക് സ്കാമറുടെ നമ്പർ ഒരു ടെക്സ്റ്റ് സന്ദേശമായി അയയ്ക്കുക. രാജ്യത്തെ എല്ലാ മൊബൈൽ നെറ്റ്‌വർക്ക് ഉപയോക്താക്കൾക്കും ഈ സൗജന്യ സേവനം ലഭ്യമാണ്.

പോലീസ് റിപ്പോർട്ട് 

കുല്ലുന ആംൻ (كلنا أمن): സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളും പോലീസിൽ നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതിന് കുല്ലുന ആംൻ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക.

അബ്ഷർ: ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-സേവനങ്ങൾക്ക് കീഴിൽ സൈബർ കുറ്റകൃത്യ റിപ്പോർട്ട് ഫയൽ ചെയ്യുന്നതിന് അബ്ഷർ പ്ലാറ്റ്‌ഫോമിൽ ലോഗിൻ ചെയ്യുക.

ലോക്കൽ പോലീസ്: സാമ്പത്തിക തട്ടിപ്പിനോ വഞ്ചനയ്‌ക്കോ ഇരയായിട്ടുണ്ടെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷൻ നേരിട്ട് സന്ദർശിക്കുക.

ബാങ്കിംഗ്, സാമ്പത്തിക തട്ടിപ്പ്

കോൾ ബാങ്കിംഗ് വിശദാംശങ്ങളോ സാമ്പത്തിക മോഷണമോ ഉൾപ്പെട്ടതാണെങ്കിൽ:

നിങ്ങളുടെ ബാങ്ക്: നിങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനും സംഭവം റിപ്പോർട്ട് ചെയ്യുന്നതിനും ഉടൻ തന്നെ നിങ്ങളുടെ ബാങ്കിന്റെ അടിയന്തര തട്ടിപ്പ് ലൈനിൽ ബന്ധപ്പെടുക.

SAMA: സൗദി സെൻട്രൽ ബാങ്കിന്റെ ഔദ്യോഗിക ഉപഭോക്തൃ സംരക്ഷണ ചാനലുകൾ വഴി ഏതെങ്കിലും വഞ്ചനാപരമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുക.

ഈ കോളുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറ്റവാളികളെ കണ്ടെത്താനും മറ്റുള്ളവരെ സ്‌കാം ചെയ്യപ്പെടുന്നതിൽ നിന്ന് സംരക്ഷിക്കാനും നിയമ അധികാരികളെ സഹായിക്കുന്നു. ഒരു സ്‌കാമറെ റിപ്പോർട്ട് ചെയ്യാൻ ഒന്നിലധികം ഔദ്യോഗിക ചാനലുകൾ ഉപയോഗിക്കാം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article