ഉമ്മാക്കികള്‍ക്ക് മുന്നില്‍ ഭയന്നോടില്ല, മുന്നണികള്‍ മുസ്ലീം ലീഗ് എന്ന വര്‍ഗീയ സംഘടനയെ താലോലിക്കുന്നു: വെള്ളാപ്പള്ളി

News Desk
1 Min Read

കോട്ടയം: തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നു എന്ന വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. തനിക്ക് എതിരായ വിമർശനങ്ങൾ പുത്തരി അല്ലെന്നും ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്ന് ഓടില്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. യോഗനാദം മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം.

ലീഗ് ചിന്തിക്കുന്നത് വർഗീയമായി മാത്രമാണ്. മുന്നണികൾ മുസ്ലീം ലീഗ് എന്ന വർഗീയ സംഘടനയെ താലോലിലിക്കുന്നു എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളെയും വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും നോക്കിയാൽ അത് മനസിലാകുമെന്നും, എന്നേക്കാൾ നന്നായി പിന്നോക്കക്കാരുടെ വിഷമതകൾ മനസിലാക്കിയ മറ്റൊരാൾ ഉണ്ടോ എന്ന് സംശയമുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

കോടികൾ ചെലവഴിച്ച് യോഗം നിരവധി കേസുകൾ നടത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വോട്ടർ പട്ടിക കേസ്, തെരഞ്ഞെടുപ്പ് കേസ്, മൈക്രോ ഫിനാൻസ് കേസ്, കമ്പനി നിയമക്കേസ്, എസ്എൻ ട്രസ്റ്റ് കേസ്, കെ.കെ മഹേശൻ ജീവനൊടുക്കിയ കേസ് തുടങ്ങി ഒരു കേസിലും തനിക്കെതിരെ വിധിയില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ചില മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നു എന്നും കേസ് തോൽക്കുമ്പോൾ വഴിയിൽ മൈക്ക് കെട്ടി ആക്ഷേപിച്ച് ജയിക്കാൻ ശ്രമിക്കുന്നു എന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ചില ദൃശ്യമാധ്യമങ്ങൾ അതൊരു അജണ്ടയായി എടുക്കുന്നു. കോട്ടും ടൈയും കെട്ടി ചിലർ നടത്തുന്ന അന്തിചർച്ചകൾ കണ്ട് സമുദായ അംഗങ്ങൾ ചിരിക്കുന്നു. ചാനൽ മുതലാളിമാരുടെ എതിരാളികളെ വിചാരണ ചെയ്യുന്നതാണോ മാധ്യമധർമമെന്നും അധമ മാധ്യമപ്രവർത്തനത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article