ബോധം വന്നോയെന്ന് നോക്കിയത് മൂന്ന് തവണ, ആശുപത്രിയിൽ എത്തിച്ചില്ല, റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജിജോയുടെ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

News Desk
1 Min Read

കൊച്ചി: പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നോർത്ത് വലമ്പൂർ ആക്കാംപാറ തെക്കേക്കര ജിജോ (ജോൺ-53)യുടെ മരണത്തിൽ സുഹൃത്തുക്കൾ അറസ്റ്റിലായി.

നോർത്ത് വലമ്പൂർ ആക്കാംപാറ വാലാട്ടിയിൽ വിനു (38), വി കെ ജിനീഷ് (34) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നരഹത്യാക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

വ്യാഴാഴ്ച രാവിലെ മുതൽ മൂവരും മദ്യലഹരിയിലായിരുന്നുവെന്നും വൈകുന്നേരം വീണ്ടും മദ്യപിക്കുന്നതിനായി ചെങ്ങരയിലെ ആളൊഴിഞ്ഞ റബർ തോട്ടത്തിലെത്തിയപ്പോഴാണ് സംഭവമുണ്ടായതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് ജിജോയെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വൈകിയും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ഭാര്യ ഫ്ലോറി സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ജിജോയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റതായും തലച്ചോറിൽ അമിത രക്തസ്രാവമുണ്ടായതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ മൊഴികളിൽ വൈരുധ്യമുണ്ടായതാണ് അന്വേഷണത്തിന് വഴിത്തിരിവായതെന്ന് പൊലീസ് അറിയിച്ചു.

ജിജോക്ക് കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ സുഹൃത്തുക്കൾ ചേർന്ന് കളിയാക്കുകയും തുടർന്നുണ്ടായ തർക്കം കൈയാങ്കളിയിലേക്ക് മാറുകയായിരുന്നു. ഇതിനിടെ ഇരുവരും ചേർന്ന് തള്ളിയിടുകയും ജിജോയുടെ തല റബർ മരത്തിൽ ഇടിക്കുകയുമായിരുന്നു എന്നാണ് പ്രതികൾ പൊലീസിനോട് നൽകിയിരിക്കുന്ന മൊഴി. അബോധാവസ്ഥയിലായ ജിജോയെ ആശുപത്രിയിലെത്തിക്കാതെ സമീപത്ത് ടാർപോളിൻ കെട്ടിയ സ്ഥലത്ത് കിടത്തിയ ശേഷം ഇരുവരും മടങ്ങിപ്പോയെന്നും അന്വേഷണത്തിൽ വ്യക്തമായി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article