മനപ്പൂർവ്വം വലിച്ചെറിയുന്നത് പോലെ തോന്നിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്
സാവോ പോളോ: 130 അടി ഉയരത്തിൽ നിന്നുള്ള സാഹസിക ബഞ്ചി ജംപിനിടെ 21കാരിക്ക് ദാരുണാന്ത്യം. യുവതിയുടെ ശരീരത്തിൽ സുരക്ഷാ സംവിധാനത്തിൽ കയർ ഘടിപ്പിക്കാൻ ജീവനക്കാർ മറന്നതോടെയാണ് അപകടമുണ്ടായത്. സാവോ പോളോയിലെ സ്കെലിറ്റൻ ബ്രിഡ്ജിൽ നടന്ന ഈ ദാരുണമായ അപകടത്തിൽ മരിയ എഡ്വേർഡ റോഡ്രിഗസ് ഡി ഫ്രീറ്റാസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഒരു സ്വകാര്യ കമ്പനി സംഘടിപ്പിച്ച സാഹസിക വിനോദത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മരിയ. സുരക്ഷാ കയറായ ബഞ്ചി കോർഡ് യുവതിയുടെ ശരീരത്തിൽ ബന്ധിപ്പിച്ചിരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കാതെ ജീവനക്കാർ മരിയയെ പാലത്തിന്റെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും താഴേക്ക് വലിച്ചെറിയുകയുമായിരുന്നു.
അപകടം നടക്കുന്ന സമയത്ത് മരിയയുടെ പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു. ഭാവി വധു കൺമുന്നിൽ കൊല്ലപ്പെട്ടതിന് പിന്നാലെ മാനസിക നിലയിൽ തകരാറിലായ ഇയാൾ ക്ക് വൈദ്യസഹായം നൽകിയിരിക്കുകയാണ് ഇപ്പോൾ. അപകടം നടന്നയുടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും ആഴമേറിയ താഴ്ചയിലേക്ക് വീണ യുവതി സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടിരുന്നു. മൃതദേഹം പിന്നീട് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ലീഗൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റി.
യുവതി താഴേക്ക് പതിക്കുന്ന ആ ഭയപ്പെടുത്തുന്ന നിമിഷങ്ങളിൽ ചുറ്റും നിന്നിരുന്ന ആളുകൾ പരിഭ്രാന്തരായി നിലവിളിക്കുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കയർ, ആളുകളേ കയർ നോക്കൂ എന്ന് അവിടെയുണ്ടായിരുന്നവർ ഉറക്കെ വിളിച്ചുപറയുന്നത് വീഡിയോകളിൽ കേൾക്കാം. അപകടത്തിന് തൊട്ടുമുമ്പ് മരിയ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും കുറിപ്പും ഇപ്പോൾ വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. ജമ്പിംഗ് സൈറ്റിൽ നിന്നുള്ള ചിത്രത്തിനൊപ്പം ഒരു പാലത്തിൽ നിന്ന് താഴേക്ക് ചാടാൻ എന്നെ അനുവദിച്ച ആ ഭ്രാന്തൻ ആരാണ്? എന്നായിരുന്നു മരിയ സാമൂഹ്യ മാധ്യമങ്ങളിൽ അവസാനമായി കുറിച്ചത്.
വലിയ സുരക്ഷാ വീഴ്ചയാണ് ഈ അപകടത്തിന് കാരണമായതെന്ന ആക്ഷേപം ശക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് വിനോദ പരിപാടി സംഘടിപ്പിച്ച കമ്പനിയിലെ ആറ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ ഭാഗത്തുനിന്നുണ്ടായ കുറ്റകരമായ അനാസ്ഥയെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വന്ന വീഴ്ചകളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മനപ്പൂർവ്വം വലിച്ചെറിയുന്നത് പോലെ തോന്നിക്കുന്ന ഞെട്ടിക്കുന്ന ആ വീഡിയോ ദൃശ്യങ്ങൾ കാണാം 👉 വീഡിയോ
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
