പിണറായി വിജയനോട് വ്യക്തി വിദ്വേഷം ഇല്ല, പ്രസംഗിച്ചത് സംസ്ഥാന ഘടകം നൽകിയ വിവരങ്ങൾ’; രാഹുൽ ഗാന്ധി

News Desk
1 Min Read

ദില്ലി: പിണറായി വിജയനോട് വ്യക്തി വിദ്വേഷം ഇല്ലെന്ന് രാഹുൽ ഗാന്ധി. കേരളത്തിൽ പിണറായിക്കെതിരെ പ്രസംഗിച്ചത് സംസ്ഥാന ഘടകം നൽകിയ വിവരങ്ങൾ ആണെന്നും വ്യക്തമാക്കി. പിണറായിയോടുള്ള കോൺഗ്രസ് നയത്തെ എതിർത്ത് അഖിലേഷ് യാദവും രം​ഗത്തെത്തി.

എല്ലാ വിമർശനങ്ങളും പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്നു എന്ന് ഇന്ത്യ സഖ്യ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും ഇന്ത്യ സഖ്യത്തിലേക്ക് തിരികെയില്ലെന്നും ആവർത്തിക്കുകയാണ് ഡിഎംകെ.

പിണറായി വിജയനെതിരായ ഇഡി കേസിലും ഡിഎംകെയ്ക്കെതിരായ സമീപനത്തിലും കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ സഖ്യത്തിൽ ഇടതുപക്ഷവും പ്രാദേശിക പാർട്ടികളും രം​ഗത്തെത്തി. വിമർശനങ്ങൾ ഉൾക്കൊള്ളുന്നുവെന്നും ചർച്ചകളിലൂടെ സിപിഎമ്മുമായുള്ള പ്രശ്നം പരിഹരിക്കാമെന്നും രാഹുൽ ​ഗാന്ധി യോ​ഗത്തെ അറിയിച്ചു. ഡിഎംകെയെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം യോ​ഗത്തിലുയർന്നു.

ഡിഎംകെ മുന്നണിവിടുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മമത ബാനർജിയും അഖിലേഷ് യാദവും അടക്കം നേതാക്കൾ യോ​ഗത്തിൽ പറഞ്ഞു. കോൺ​ഗ്രസ് ചർച്ച നടത്തി ഡിഎംകെയെ തിരികെ കൊണ്ടുവരണമെന്ന ആവശ്യവും ഉയർന്നു. പല സംസ്ഥാനങ്ങളിലും സീറ്റുകൾ പിടിച്ചുവാങ്ങിയശേഷം കോൺ​ഗ്രസിന് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനാകുന്നില്ലെന്ന് അഖിലേഷ് യാദവും തേജസ്വിയാദവും ആഞ്ഞടിച്ചു.

പിണറായി വിജയനെതിരെ സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ മല്ലികാർജുൻ ഖർ​ഗെയും രാഹുൽ ​ഗാന്ധിയും പ്രസ്താവനകൾ നടത്തിയത് ഖേദകരമെന്നും ജോൺബ്രിട്ടാസും ഡി രാജയും യോ​ഗത്തിൽ പറഞ്ഞു. സിപിഎമ്മുമായി പ്രത്യേക ചർച്ച നടത്തി തർക്കം പരിഹരിക്കാമെന്നാണ് രാഹുൽ ​ഗാന്ധി പ്രതികരിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article