കൊൽകത്ത: പശ്ചിമബംഗളിലെ നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം ദിവസങ്ങൾ കഴിയും തോറും മമത ബാനർജി രാഷ്ട്രീയമായി ഒറ്റപ്പെടുന്നു. ബംഗാളിലെ അക്രമ സംഭവങ്ങൾക്കെതിരെ ഇന്നലെ മമത നടത്തിയ പ്രതിഷേധത്തിൽ പാർട്ടി നേതാക്കളിൽ പലരും പങ്കെടുത്തില്ല. 500 താഴെ മാത്രം ആളുകളാണ് പരിപാടിക്കെത്തിയത്.
പ്രതിഷേധ യോഗത്തിൽ ആകെ എട്ട് എംഎൽമാരും ആറ് എംപിമാരും മാത്രമാണ് പങ്കെടുത്തത്. 80 എംഎൽഎമാരാണ് പാർട്ടിക്ക് ആകെയുള്ളത്. ലോക്സഭയിലും രാജ്യസഭയിലുമായി 42 എംപിമാരുമാണ് പാർട്ടിക്കുള്ളത്.
തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് വരെ മമതയുടെ കൊൽക്കത്തയിലെ ഓരോ പരിപാടിക്കും ആയിരക്കണക്കിന് തൃണമൂൽ പ്രവർത്തകർ പങ്കെടുത്ത സ്ഥലത്താണ് ശുഷ്കമായ ആൾക്കൂട്ടം വന്നത്. ഇടഞ്ഞ് നിൽക്കുന്ന ടിഎംസി എംഎൽഎമാരുടെയും എംപിമാരുടെയും നിലപാട് പാർട്ടിയുടെ ഭാവി തന്നെ നിർണയിക്കുന്ന സാഹചര്യമാണ് ബംഗാളിൽ ഉള്ളത്.
തൃണമൂൽ പിളർപ്പിലേക്കെന്ന സൂചനയും ശക്തമാകുകയാണ്. നിയമസഭ കക്ഷിയോഗം വിളിക്കാനുള്ള ഒരു വിഭാഗത്തിൻ്റെ നിർദേശം മമത ബാനർജി തള്ളിയിരുന്നു. അതേസമയം, ആഭ്യന്തരപ്രതിസന്ധി രൂക്ഷമാക്കി തൃണമൂൽ കോൺഗ്രസിൽ വിമത നീക്കം ശക്തമാകുകയാണ്. തൃണമൂൽ പുറത്താക്കിയ എംഎൽഎമാരായ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും പാർട്ടി എംഎൽഎമാരുമായി ചർച്ച നടത്തി. യഥാർഥ തൃണമൂൽ കോൺഗ്രസെന്ന് അവകാശപ്പെട്ട് സ്പീക്കർക്ക് കത്തുനൽകാനാണ് വിമതരുടെ ആലോചന. എംഎൽഎമാർ ഇന്ന് യോഗം ചേരുമെന്നാണ് സൂചന.
..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
