ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 20 മരണം. അപകടത്തിൽ 11 പേർക്ക് പൊള്ളലേറ്റതായാണ് വിവരം. ‘ലെമൺ ഗ്രീൻ’ റസ്റ്ററന്റിലാണ് തീപിടിത്തമുണ്ടായത്.
രാവിലെ 8.50 ഓടെയാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് 9.45 ഓടെ ഫയർ ഫോഴ്സിനു സന്ദേശം ലഭിക്കുകയും നെഹ്റു പ്ലേസ് ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.
പത്ത് ഫയർ ഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ ബേസ്മെന്റിൽ കുടുങ്ങിക്കിടന്ന 45 പേരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപെടുത്തി. പൊള്ളലേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡോക്ടർമാരുടെ പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല.
തീ പൂർണമായും അണച്ച ശേഷവും കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പൊലീസും ഫയർഫോഴ്സും തിരച്ചിൽ തുടരുകയാണ്. ഇരയായവരിൽ ഭൂരിഭാഗവും ദക്ഷിണാഫ്രിക്കൻ പൗരന്മാരാണെന്ന് മാളവ്യ നഗർ മണ്ഡലത്തിലെ എഎപി നേതാവ് സോംനാഥ് ഭാരതി എക്സിൽ കുറിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
