കുവൈത്ത് എയർപോർട്ടിൽ ഇറാന്‍റെ ആക്രമണം; നിരവധി പേർക്ക് പരിക്ക്, വിമാന സർവീസുകൾ നിലച്ചു; വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചു

malayalampress
1 Min Read

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ആക്രമണത്തിൽ ടി1 യാത്രാ ടെർമിനലിന് കേടുപാടുകൾ സംഭവിച്ചു. പ്രതിരോധ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചു. എയർപോർട്ടിലെ വിമാനങ്ങൾ മാറ്റി.

ആക്രമണത്തെ തുടർന്ന് ടെർമിനൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. സാഹചര്യങ്ങൾ സായുധ സേന ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് നിരീക്ഷിച്ചുവരികയാണെന്നും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന പൂർണ സജ്ജതയിലാണെന്നും വക്താവ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്‍റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന ടി 1 ടെർമിനൽ ജൂൺ 1ന് ആണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി പ്രവർത്തനം പുനരാരംഭിച്ചത്.

ഹോർമുസ് കടലിടുക്കിലെ ഇറാന്‍റെ ക്വിഷം ദ്വീപിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചിരുന്നു. വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് വിവരം. ഇതേത്തുടർന്ന് ഗൾഫ് മേഖലയിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ക്വിഷം ദ്വീപിലെ തങ്ങളുടെ മിലിട്ടറി ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പ്രതികാരമായാണ് കുവൈത്തിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതെന്ന് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. ‘അമേരിക്കൻ ഭീകരസേനയുടെ കടുത്ത അഹങ്കാരത്തിനും ആക്രമണത്തിനും’ ഉള്ള മറുപടിയാണിതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article