കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംപിയുമായി കെ.പി. ധനപാലൻ അന്തരിച്ചു. പുലർച്ചെ 5.30 ഓടെയായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം ഇന്ന് പുലർച്ചയോടെയാണ് അന്തരിച്ചത്.
പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. കഴിഞ്ഞ ദിവസമാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന ഇദ്ദേഹം കെപിസിസി ഭാരവാഹിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2009 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ നിന്നാണ് കെ.പി. ധനപാലൻ പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറ് ആയിരുന്നു. 2014 ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പറവൂർ നഗരസഭാംഗം, മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നി നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കേക്കര സീറ്റ് ധനപാലന് നൽകിയെങ്കിലും പ്രചാരണം തുടങ്ങിയ ശേഷം പിന്മാറേണ്ടി വന്നു. എറണാകുളം ജില്ലയിലെ എ.കെ. ആൻ്റണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായിരുന്നു കെ.പി. ധനപാലൻ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
