സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയും, രാജി 3 മണിക്ക്; അനുഗ്രഹം വാങ്ങി ഡി.കെ

News Desk
1 Min Read

ബെംഗളൂരു: മുഖ്യമന്ത്രി പദം രാജിവയ്ക്കുകയാണെന്ന് കെ.സിദ്ധരാമയ്യ മന്ത്രിസഭാംഗങ്ങളെ അറിയിച്ചു. വസതിയിൽ ഒരുക്കിയ പ്രഭാതഭക്ഷണ വിരുന്നിനിടെയാണ് പ്രഖ്യാപനം നടത്തിയത്.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വസതിയിലെത്തിയിരുന്നു. രാജി സമർപ്പിക്കുന്നതിനായി സിദ്ധരാമയ്യ ഉച്ചയ്ക്ക് ശേഷം ഗവർണർ താവർചന്ദ് ഗെഹ്‌ലോട്ടുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി. ഡി.കെ.ശിവകുമാറിനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

വസതിയിലെത്തിയ ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും കെട്ടിപ്പിടിച്ചു. ശിവകുമാർ സിദ്ധരാമയ്യയുടെ പാദങ്ങൾ തൊട്ട് അനുഗ്രഹം വാങ്ങി. സിദ്ധരാമയ്യ ഇന്ന് വൈകിട്ട് 3 മണിക്ക് ശേഷം രാജിവച്ചേക്കാമെന്ന് കോൺഗ്രസ് എംഎൽഎ അശോക് കെ.പട്ടൻ പറഞ്ഞു. സിദ്ധരാമയ്യ ഗവർണറെ കാണാൻ സമയം ചോദിച്ചിട്ടുണ്ട്.

അടുത്ത മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും പട്ടൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിദ്ധരാമയ്യ സ്ഥാനം ഒഴിഞ്ഞാൽ ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി ഫോർമുലകൾ ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് നേതാക്കൾ പറഞ്ഞു.

മുഖ്യമന്ത്രി വ്യാഴാഴ്ചയോ തൊട്ടടുത്ത ദിവസങ്ങളിലോ രാജിവച്ചേക്കാമെന്ന് മുതിർന്ന എംഎൽഎ ആർ.വി. ദേശ്പാണ്ഡെയും പറഞ്ഞു. താൻ മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്നു. രാജിവയ്ക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.

രാജിയിൽനിന്ന് പിൻമാറണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, ഹൈക്കമാൻഡിന് വാക്ക് നൽകിയിട്ടുണ്ടെന്നും അത് മാനിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞതായും ദേശ്പാണ്ഡെ പറഞ്ഞു. 

കഴിഞ്ഞ ദിവസം ഡൽഹിയിൽ എഐസിസി നേതൃത്വവുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് സിദ്ധരാമയ്യ സ്ഥാനം ഒഴിയുന്നത്. സിദ്ധരാമയ്യ സർക്കാർ മൂന്നു വർഷം പൂർത്തിയാക്കി. രണ്ടരവർഷം പിന്നിടുമ്പോൾ അധികാരം ഒഴിയാമെന്ന് കരാറുണ്ടായിരുന്നതായി ഡി.കെ വിഭാഗം പറയുന്നു. ഇതു സംബന്ധിച്ച് ഏറെ നാളായി തർക്കമുണ്ടായിരുന്നു. തുടർന്നാണ് എഐസിസി നേതൃത്വം ഇടപെട്ടത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!