-
ഇറാനുമായി കരാറിൽ ഏർപ്പെട്ടാൽ ഒമാൻ പൊട്ടിത്തെറിക്കും എന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി.
തെഹ്റാൻ: ഒമാനെതിരെയുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെ വിമർശിച്ച് ഇറാൻ. ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ ‘അപകടകരമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വിമർശിച്ചിരിക്കുന്നത്. ‘പ്രാദേശിക സമാധാനത്തിലും സുരക്ഷയിലും എല്ലായ്‌പ്പോഴും ക്രിയാത്മകവും ഫലപ്രദവും ഉത്തരവാദിത്തമുള്ളതുമായ പങ്ക് വഹിക്കുകയും നയതന്ത്ര പ്രക്രിയകളിൽ ഒരു മധ്യസ്ഥനെന്ന നിലയിൽ പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി വർഷങ്ങളായി അതിന്റെ മഹത്തായ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്ന രാജ്യമാണ് ഒമാനെ’ന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രസ്താവന ചൂണ്ടിക്കാണിക്കുന്നത്.
‘ഐക്യരാഷ്ട്രസഭാ അംഗരാജ്യം കൂടിയായ ഒമാനെ നശിപ്പിക്കുമെന്ന ഭീഷണി ബലപ്രയോഗ ഭീഷണി നിരോധിക്കുന്നതിനുള്ള അടിസ്ഥാന തത്വത്തിന്റെ ലംഘനം മാത്രമല്ല, അന്താരാഷ്ട്ര ബന്ധങ്ങളിൽ നിയമലംഘനവും ഭീഷണിപ്പെടുത്തലും സാധാരണ നിലയിലാകുന്നതിന്റെ അപകടകരമായ മറ്റൊരു അടയാളം കൂടിയാണെന്നും’ പ്രസ്താവന കുറ്റപ്പെടുത്തുന്നുണ്ട്. ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം കൈകാര്യം ചെയ്യാൻ ഇറാനുമായി കരാറിൽ ഏർപ്പെട്ടാൽ ഒമാൻ പൊട്ടിത്തെറിക്കും എന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി.
ഇതിനിടെ കുവൈറ്റിലേയ്ക്കുള്ള ഇറാൻ്റെ മിസൈൽ ആക്രമണം വെടിനിർത്തൽ കരാറിൻ്റെ ലംഘനമാണെന്ന ആരോപണവുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. കുവൈറ്റ് സേറ ഇറാനിയൻ മിസൈൽ തടഞ്ഞതിന് ശേഷമാണ് ഇറാൻ വെടിനിർത്തൽ ലംഘനം നടത്തിയതായി അമേരിക്ക ആരോപിച്ചത്. കുവൈറ്റിലേക്ക് ഇറാൻ ഒരു ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു, അത് കുവൈറ്റ് സേന വിജയകരമായി തടഞ്ഞുവെന്നായിരുന്നു പ്രസ്താവനയിൽ അമേരിക്കൻ സെൻട്രൽ കമാൻഡ് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിലും സമീപത്തും വ്യക്തമായ ഭീഷണി ഉയർത്തിയ അഞ്ച് വൺ-വേ ആക്രമണ ഡ്രോണുകൾ ഇറാൻ സൈന്യം വിക്ഷേപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇറാൻ ഭരണകൂടത്തിന്റെ ഈ ഗുരുതരമായ വെടിനിർത്തൽ ലംഘനം ഉണ്ടായത്. എല്ലാ ഡ്രോണുകളും യുഎസ് സേന വിജയകരമായി തടഞ്ഞു. ബന്ദർ അബ്ബാസിലെ ഇറാനിയൻ ഗ്രൗണ്ട് കൺട്രോൾ സൈറ്റിൽ നിന്നുള്ള ആറാമത്തെ ഡ്രോൺ വിക്ഷേപണത്തെയും തടഞ്ഞു എന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
