ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്: സുൽത്താൻ ബത്തേരി സ്വദേശി അറസ്റ്റിൽ

News Desk
1 Min Read

കൽപറ്റ: ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ സുൽത്താൻ ബത്തേരി സ്വദേശിയായ പ്രതിയെ കർണാടക പൊലീസ് വയനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.

ബത്തേരി സ്വദേശി ഹൈനസിനെ വെള്ളിയാഴ്ച വൈകിട്ടാണ് പൊലീസ് പിടികൂടിയത്. വയനാട്ടിൽ അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ട്രാൻസിറ്റ് വാറന്റുമായാണ് കർണാടകയിലേക്ക് കൊണ്ടുപോയത്.

മേയ് 12 ന് മഡിവാളയിലെ സുഹൃത്തുക്കളുടെ താമസസ്ഥലത്താണ് ബെംഗളൂരുവിൽ പഠിക്കുന്ന ഇരുപതുകാരിയായ മലയാളി പെൺകുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തിൽ പിറ്റേദിവസം തന്നെ മഡിവാള സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയാറായിരുന്നില്ല.

തുടർന്ന് പെൺകുട്ടിയും സുഹൃത്തുക്കളും ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപിയെ സമീപിക്കുകയായിരുന്നു. ഡിസിപിയുടെ കർശന നിർദേശപ്രകാരമാണ് മേയ് 18 ന് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

ബെംഗളൂരുവിലെ കോളജിൽ പഠിക്കുന്ന പെൺകുട്ടി പാർട് ടൈം ജോലിക്ക് കോഴിക്കോട് കൊയിലാണ്ടി സ്വദേശികളുടെ ചായക്കടയിൽ പോകാറുണ്ടായിരുന്നു. ഇതിനിടെ കട നഷ്ടത്തിലായതോടെ വിൽക്കാൻ ഒരുങ്ങിയ ഉടമകളെ സഹായിക്കാനാണ് ബത്തേരി സ്വദേശിയായ ഹൈനസ് എത്തിയത്. ഇയാൾ ഒരു പാർട്ടി നടത്തുകയും പെൺകുട്ടിയും സുഹൃത്തുക്കളും ഇതിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്ന് രാത്രി പന്ത്രണ്ടുമണിയോടെ സുഹൃത്തുക്കളെ ജ്യൂസ് വാങ്ങാനായി പുറത്തേക്ക് പറഞ്ഞുവിട്ട ശേഷം പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.

ഹൈനസ് കുറ്റം സമ്മതിക്കുന്നതും യുവതിയോടും സുഹൃത്തുക്കളോടും മാപ്പുപറയുന്നതുമായ ദൃശ്യങ്ങൾ ഇതിനിടെ പുറത്തുവന്നിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുന്ന കാര്യത്തിൽ തീരുമാനമാവുക.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!