വാഷിങ്ടൻ: ഇറാനുമായി നടന്ന യുദ്ധത്തിൽ ഫൈറ്റർ ജെറ്റുകളും ഡ്രോണുകളും ഉൾപ്പെടെ കുറഞ്ഞത് 42 യുഎസ് സൈനിക വിമാനങ്ങൾ തകരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി റിപ്പോർട്ട്. രഹസ്യസ്വഭാവം, നിലവിലുള്ള പോരാട്ടങ്ങൾ, നാശനഷ്ടങ്ങളുടെ കൃത്യമായ ഉറവിടം കണ്ടെത്തൽ തുടങ്ങിയ വിവിധ കാരണങ്ങളാൽ ഈ നഷ്ടം ഇനിയും ഉയർന്നേക്കാമെന്ന് കോൺഗ്രഷണൽ റിസർച്ച് സർവീസ് (സിആർഎസ്) തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ‘ഓപ്പറേഷൻ എപിക് ഫ്യൂരി’ എന്ന പേരിൽ ഇറാനെതിരെ നടത്തിയ സൈനിക നീക്കങ്ങളുടെ ആകെ ചെലവ് ഇതിനകം തന്നെ ഏകദേശം 29 ബില്യൺ ഡോളറായി (ഏകദേശം 2.4 ലക്ഷം കോടി രൂപ) ഉയർന്നതായാണ് വിവരം. യുദ്ധോപകരണങ്ങളുടെ അറ്റകുറ്റപ്പണികൾക്കും അവയ്ക്ക് പകരമുള്ളവ വാങ്ങുന്നതിനുമുള്ള കൃത്യമായ കണക്കുകൾ ലഭ്യമായതോടെയാണ് തുകയിൽ ഇത്രയും വർധനവുണ്ടായത്.
യുഎസ് പ്രതിരോധ വകുപ്പ് ഇതുവരെ യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങളുടെ സമഗ്രമായ വിലയിരുത്തൽ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. യുഎസ് കോൺഗ്രസിനും കമ്മിറ്റികൾക്കും നയപരവും നിയമപരവുമായ വിശകലനങ്ങൾ നൽകുന്ന സിആർഎസ്, വാർത്താ റിപ്പോർട്ടുകളും പ്രതിരോധ വകുപ്പിന്റെയും യുഎസ് സെൻട്രൽ കമാൻഡിന്റെയും പ്രസ്താവനകളും പരിശോധിച്ചാണ് ഈ വിവരങ്ങൾ ശേഖരിച്ചത്.
ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാന്റെ താവളങ്ങൾക്ക് നേരെ ശക്തമായ സൈനിക ആക്രമണം ആരംഭിച്ചത്. ഈ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടിരുന്നു.
ഇറാന്റെ വിദേശകാര്യ മന്ത്രി സയീദ് അബ്ബാസ് അരാഗ്ചി സിആർഎസ് റിപ്പോർട്ട് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചിട്ടുണ്ട്. ഏപ്രിലിൽ പ്രഖ്യാപിച്ച വെടിനിർത്തലിനു മുൻപ് രണ്ട് മാസത്തെ പോരാട്ടത്തിലൂടെ ഇറാൻ മികച്ച സൈനിക പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ട്രംപ് ഇറാനെതിരെ വീണ്ടും സൈനിക നടപടി ആരംഭിച്ചാൽ, യുഎസ് സൈന്യത്തെ കാത്തിരിക്കുന്നത് കൂടുതൽ വലിയ സർപ്രൈസുകൾ ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
