മക്ക: ഈ വര്‍ഷത്തെ അറഫാ പ്രഭാഷണം മലയാളം ഉള്‍പ്പെടെ 35 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ഇരുഹറം കാര്യാലയ മതകാര്യ വകുപ്പ് അറിയിച്ചു. വകുപ്പിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്, റേഡിയോ, മറ്റ് അനുബന്ധ ചാനലുകള്‍ എന്നിവ വഴിയാണ് പ്രഭാഷണം ലോകമെമ്പാടും എത്തിക്കുക. ഇസ്ലാമിന്റെ സഹിഷ്ണുതയുടെയും മിതത്വത്തിന്റെയും സന്ദേശം ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ വിപുലമായ ക്രമീകരണമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്ലാമിനെയും മുസ്ലിം സമൂഹത്തെയും സേവിക്കുന്നതില്‍ സൗദി അറേബ്യ പുലര്‍ത്തുന്ന പ്രതിബദ്ധതയുടെ തെളിവാണ് ഈ സംരംഭമെന്ന് ഇരുഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് അബ്ദുറഹ്മാന് അല്‍ സുദൈസ് പറഞ്ഞു. തീര്‍ഥാടകര്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കുന്നതില്‍ സൗദി ഭരണകൂടം നല്കുന്ന സവിശേഷമായ ശ്രദ്ധയാണ് ഇത് വ്യക്തമാക്കുന്നത്. ആധുനിക സാങ്കേതികവിദ്യകളുടെയും ഡിജിറ്റല്‍ സംവിധാനങ്ങളുടെയും സഹായത്തോടെ ഹജ്ജ് സീസണിന്റെ ആത്മീയ സ്വാധീനം ലോകമെമ്പാടും വ്യാപിപ്പിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അറഫാ പ്രഭാഷണ വിവര്‍ത്തന പദ്ധതി മതകാര്യ വകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പാണ്. വര്‍ഷങ്ങളുടെ അനുഭവസമ്പത്തിന്റെ കരുത്തിലാണ് ഇത് നടപ്പാക്കുന്നത്. അറബി ഭാഷ അറിയാത്ത ലോകത്തിന്റെ വിവിധ കോണുകളിലുള്ള ദശലക്ഷക്കണക്കിന് മുസ്ലിംങ്ങള്ക്ക് പ്രഭാഷണത്തിലെ ആത്മീയവും മാനവികവുമായ സന്ദേശങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ ഇത് ഏറെ സഹായകമാകും.’ ശൈഖ് അബ്ദുറഹ്മാന് അല്‍ സുദൈസ് പറഞ്ഞു.
ഏറ്റവും ഉയര്‍ന്ന നിലവാരത്തിലും പ്രൊഫഷണല്‍ മികവോടെയും പ്രഭാഷണം ആഗോളതലത്തില്‍ എത്തിക്കുന്നതിനായി സാങ്കേതിക-മാധ്യമ രംഗങ്ങളിലെ എല്ലാ സജ്ജീകരണങ്ങളും വിദഗ്ധരായ പ്രത്യേക സംഘങ്ങളെയും വകുപ്പ് സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
