പുറത്തുപോയി സിഗരറ്റ് വലിക്കാന്‍ അനുവദിച്ചില്ല: ജീവനക്കാരിയെ കടിച്ച് യാത്രക്കാരന്‍, വിമാനം വഴിതിരിച്ചുവിട്ടു

malayalampress
2 Min Read
  • യാത്ര തുടങ്ങി ഏഴ് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വിമാനത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മദ്യലഹരിയിലെന്നപോലെ പെരുമാറിയ ഒരു യാത്രക്കാരന്‍ ‘തനിക്ക് സിഗരറ്റ് വലിക്കാന്‍ പുറത്തേക്ക് പോകണം’ എന്ന് ആവശ്യപ്പെട്ട് ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
മെല്‍ബണില്‍ നിന്ന് യുഎസിലെ ഡാലസിലേക്ക് പറന്ന ക്വാണ്ടാസ് വിമാനത്തില്‍ അരങ്ങേറിയത് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങളായിരുന്നു. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യാത്രക്കാരിലൊരാള്‍ വനിതാ വിമാന ജീവനക്കാരിയെ കടിച്ചതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി വഴിതിരിച്ചുവിടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് മെല്‍ബണില്‍ നിന്ന് പുറപ്പെട്ട ക്യുഎഫ് 21 വിമാനത്തിലാണ് സഹയാത്രികരെയും ജീവനക്കാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയ സംഭവം ഉണ്ടായത്. യാത്ര തുടങ്ങി ഏഴ് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് വിമാനത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മദ്യലഹരിയിലെന്നപോലെ പെരുമാറിയ ഒരു യാത്രക്കാരന്‍ ‘തനിക്ക് സിഗരറ്റ് വലിക്കാന്‍ പുറത്തേക്ക് പോകണം’ എന്ന് ആവശ്യപ്പെട്ട് ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വിമാനത്തിന്റെ പിന്‍ഭാഗത്തേക്ക് മാറാന്‍ ആവശ്യപ്പെട്ട ക്രൂ അംഗങ്ങളോട് ഇയാള്‍ തട്ടിക്കയറുകയും, തര്‍ക്കം രൂക്ഷമായതോടെ ഒരു വനിതാ ജീവനക്കാരിയെ കടിക്കുകയുമായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന പ്രശസ്ത കൊമേഡിയന്‍ മൈക്ക് ഗോള്‍ഡ്‌സ്‌റ്റൈന്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ യാത്രക്കാരന്റെ ഈ മോശം പെരുമാറ്റം വ്യക്തമായി കാണാം. ഇയാള്‍ അക്രമാസക്തനായതോടെ മറ്റ് യാത്രക്കാരും ജീവനക്കാരും ചേര്‍ന്നാണ് ഇയാളെ തടഞ്ഞുനിര്‍ത്തിയത്. കടിയേറ്റ ജീവനക്കാരിക്ക് മറ്റ് ക്രൂ അംഗങ്ങള്‍ ഉടന്‍ തന്നെ പ്രാഥമിക സഹായം എത്തിച്ചു. തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ വിമാനം ഫ്രഞ്ച് പോളിനേഷ്യയുടെ തലസ്ഥാനമായ പാപ്പീറ്റിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടു. പാപ്പീറ്റില്‍ വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ പ്രാദേശിക സുരക്ഷാ അധികാരികള്‍ വിമാനത്തിനുള്ളില്‍ പ്രവേശിക്കുകയും അക്രമാസക്തനായ യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ക്വാണ്ടാസ് എയര്‍ലൈന്‍സ് സമീപിച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും, വിമാനത്തിനുള്ളിലെ ഇത്തരം മോശം പെരുമാറ്റങ്ങളോട് യാതൊരുവിധ വിട്ടുവീഴ്ചയും കാണിക്കില്ലെന്നും വ്യക്തമാക്കിയ ക്വാണ്ടാസ് മാനേജ്‌മെന്റ്, ഇയാള്‍ക്ക് ക്വാണ്ടാസ്, ജെറ്റ്സ്റ്റാര്‍ വിമാനങ്ങളില്‍ പറക്കുന്നതിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി.
പ്രതിയെ ഇറക്കിയ ശേഷം പാപ്പീറ്റില്‍ നിന്ന് ഇന്ധനം നിറച്ച് വിമാനം 35 മിനിറ്റിനുള്ളില്‍ ഡാലസിലേക്ക് വീണ്ടും യാത്ര തിരിക്കുകയും ശനിയാഴ്ച രാവിലെ സുരക്ഷിതമായി എത്തിച്ചേരുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ വിമാനങ്ങളില്‍ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നിരവധി അക്രമ സംഭവങ്ങളില്‍ ഒടുവിലത്തേതാണിത്. എയര്‍ലൈന്‍ ജീവനക്കാര്‍ക്കെതിരെയുള്ള ഇത്തരം അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഇവര്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!