കൊൽക്കത്ത: ഈദ് അൽ-അദ്ഹയ്ക്ക് (ബലിപെരുന്നാൾ) ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പശ്ചിമ ബംഗാളിൽ കന്നുകാലി കശാപ്പിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. പശുക്കൾ, കാളകൾ, എരുമകൾ എന്നിവയെ കശാപ്പ് ചെയ്യുന്നതിന് ഔദ്യോഗിക സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയും പൊതുസ്ഥലങ്ങളിലെ കശാപ്പ് നിരോധിച്ചും ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയുള്ള ഈ നീക്കം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് താഴെ പറയുന്ന നിബന്ധനകൾ പാലിക്കണം.
സർട്ടിഫിക്കറ്റ് നിർബന്ധം: പശുക്കൾ, കാളകൾ, എരുമകൾ, പശുക്കിടാക്കൾ എന്നിവയെ ‘കശാപ്പിന് യോഗ്യമാണ്’ എന്ന ഔദ്യോഗിക സർട്ടിഫിക്കറ്റ് ലഭിക്കാതെ കൊല്ലാൻ പാടില്ല.
പ്രായപരിധി: കന്നുകാലികൾക്ക് 14 വയസ്സിന് മുകളിൽ പ്രായമുണ്ടാകണം. പ്രായം, പരിക്ക്, വൈകല്യം അല്ലെങ്കിൽ ഭേദമാക്കാനാവാത്ത രോഗങ്ങൾ എന്നിവ കാരണം പ്രജനനത്തിനോ ജോലിക്കോ യോഗ്യമല്ലാത്ത മൃഗങ്ങളെ മാത്രമേ കശാപ്പ് ചെയ്യാൻ അനുവദിക്കൂ.
പൊതുസ്ഥലങ്ങളിൽ നിരോധനം: ഏതെങ്കിലും തുറന്ന പൊതുസ്ഥലത്ത് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് കർശനമായി നിരോധിച്ചു. മുനിസിപ്പൽ കശാപ്പുശാലകളിലോ തദ്ദേശ ഭരണകൂടം അംഗീകരിച്ച നിശ്ചിത കേന്ദ്രങ്ങളിലോ മാത്രമേ കശാപ്പ് അനുവദിക്കൂ.
ശിക്ഷാ നടപടികൾ: 1950-ലെ പശ്ചിമ ബംഗാൾ മൃഗ കശാപ്പ് നിയന്ത്രണ നിയമപ്രകാരം നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം വരെ തടവോ 1,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടു കൂടിയോ ശിക്ഷ ലഭിക്കാം.
വിമർശനവുമായി പ്രതിപക്ഷം
ബലിപെരുന്നാളിന് തൊട്ടുമുമ്പ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത് മുസ്ലീം സമുദായത്തെയും കന്നുകാലി വ്യാപാരികളെയും ലക്ഷ്യം വെച്ചുള്ളതാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നു. ഇത് ബിജെപിയുടെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും പരമ്പരാഗത ഖുർബാനി ആചാരങ്ങളെ തടസ്സപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും വിമർശകർ വാദിക്കുന്നു.
ബംഗ്ലാദേശിലേക്കുള്ള കന്നുകാലി കള്ളക്കടത്ത് തടയാനും അനധികൃത കശാപ്പുശാലകൾക്കെതിരെ നടപടിയെടുക്കാനുമാണ് ഈ നീക്കമെന്നാണ് സർക്കാർ പക്ഷം. എന്നാൽ, തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കൊൽക്കത്തയിലെ ന്യൂ മാർക്കറ്റ് പരിസരത്തെ ഇറച്ചി കടകൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തത് ചൂണ്ടിക്കാട്ടി ‘ബുൾഡോസർ രാഷ്ട്രീയം’ ബംഗാളിലും നടപ്പിലാക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
