തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തിൽ തീരുമാനമായതോടെ ഇനി കോൺഗ്രസിനു മുന്നിലെ വെല്ലുവിളി മന്ത്രിസഭാ രൂപീകരണമാണ്. സീനിയർ നേതാവായ രമേശ് ചെന്നിത്തലയെ ഏത് രീതിയിൽ മന്ത്രിസഭയുടെ ഭാഗമാക്കുമെന്നതും അദ്ദേഹത്തിന്റെ നീരസം എങ്ങനെ പരിഹരിക്കുമെന്നതും കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദനയാകും.
സമുദായങ്ങൾക്കും ഘടകകക്ഷികൾക്കും അർഹമായ പ്രാതിനിധ്യം നൽകിക്കൊണ്ട് മന്ത്രിസ്ഥാനങ്ങൾ തുല്യമായി വീതംവെക്കുന്നതിലെ സങ്കീർണ്ണതകളിലേക്കാണ് കോൺഗ്രസിന് ഇനി കടക്കാനുള്ളത്. ഇക്കാര്യത്തിൽ യുവതലമുറയ്ക്കും വനിതകൾക്കും പ്രാധാന്യം നൽകുന്നതിനൊപ്പംതന്നെ സീനിയോറിറ്റി നിലനിർത്തേണ്ടതിന്റെ ആവശ്യകതയും വെല്ലുവിളിയാകും.
മന്ത്രിസഭാരൂപീകരണത്തിൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ ‘കീറാമുട്ടി’ രമേശ് ചെന്നിത്തലയുടെ പദവി നിശ്ചയിക്കലാകും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം തവണ പരിഗണിക്കപ്പെട്ട അദ്ദേഹത്തിന്റെ സീനിയോറിറ്റിയും പ്രവർത്തന പാരമ്പര്യവും കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തെ മാറ്റിനിർത്തുന്നത് പാർട്ടി പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടാക്കാൻ സാധ്യതയുണ്ട്.
ചെന്നിത്തലയെ സ്പീക്കർ പദവിയിലേക്ക് പരിഗണിച്ചേക്കാമെന്ന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സീനിയോറിറ്റി വെച്ച് ആ പദവി സ്വീകരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. പാർട്ടി മുൻ അധ്യക്ഷ സോണിയാ ഗാന്ധി നേരിട്ട് സംസാരിച്ചാൽ മാത്രമേ ഒരുപക്ഷേ അദ്ദേഹം തന്റെ നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകൂ എന്നാണ് കരുതപ്പെടുന്നത്.
കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ചെന്നിത്തല, ഹൈക്കമാൻഡിനെ വിയോജിപ്പ് അറിയിച്ചതായാണ് വിവരം. തന്റെ സീനിയോറിറ്റി പരിഗണിക്കപ്പെട്ടില്ലെന്നും അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചുവെന്നും ചെന്നിത്തല പറഞ്ഞെന്ന് റിപ്പോർട്ടുണ്ട്.
മാത്രമല്ല, നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന നിലപാടും സ്വീകരിച്ചിട്ടുണ്ടെന്ന് അറിയുന്നു. ഇതോടെ ചെന്നിത്തലയെ എങ്ങനെ അനുനയിപ്പിക്കുമെന്ന വിഷമസന്ധിയിലാണ് കോൺഗ്രസ്. ഒരുപക്ഷേ ക്യാബിനറ്റ് റാങ്കോടെയുള്ള മറ്റ് പദവികളോ അല്ലെങ്കിൽ വളരെ പ്രധാനപ്പെട്ട വകുപ്പുകളോ അദ്ദേഹത്തിന് നൽകിയേക്കാം.
കൂടാതെ, മന്ത്രിസഭയിൽ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ബാലൻസിങ് കോൺഗ്രസിന് അത്യാവശ്യമാണ്. നായർ, ക്രിസ്ത്യൻ, മുസ്ലിം സമുദായങ്ങളുടെ പ്രാതിനിധ്യം കൃത്യമായി പാലിക്കേണ്ടതുണ്ട്. രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. മുരളീധരൻ എന്നിവർ മന്ത്രിസഭയിലെത്തിയാൽ നായർ പങ്കാളിത്തം കൂടുതാലാകുന്നതും ഈ ബാലൻസിങ്ങിന് വെല്ലുവിളിയായേക്കാം. പുതിയ തലമുറയിൽനിന്നുള്ളവരെയും വനിതകളെയും ഉൾപ്പെടുത്തേണ്ടതുണ്ട്. കൊല്ലത്തുനിന്ന് ബിന്ദുകൃഷ്ണ മന്ത്രിയാകാനുള്ള സാധ്യതയുണ്ട്.
നിലവിലെ സാഹചര്യത്തിൽ കെ.സി. വേണുഗോപാലിന്റെയും രമേശ് ചെന്നിത്തല വിഭാഗത്തിന്റെയും അവകാശവാദങ്ങൾ മന്ത്രിസഭാ രൂപീകരണത്തെ സങ്കീർണ്ണമാക്കിയേക്കാം. ആകെ 21 മന്ത്രിമാരിൽ ഏകദേശം 10-11 പേർ ഘടകക്ഷികളിൽ നിന്നാകാനാണ് സാധ്യത. ലീഗിന് അഞ്ച് മന്ത്രി സ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിക്കാനാണ് സാധ്യത. അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്), ഷിബു ബേബി ജോൺ (ആർ.എസ്.പി), സി.പി ജോൺ (സി.എം.പി) എന്നിവർക്കും മന്ത്രിസ്ഥാനങ്ങൾ ലഭിച്ചേക്കാം. മാണി സി. കാപ്പനെ മന്ത്രിസ്ഥാനത്തോ ടേം വ്യവസ്ഥയിലോ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
