തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികളായ ഗണ്‍മാന്‍മാരെ സസ്പെന്‍ഡ് ചെയ്തേക്കും. അന്നു മർദനമേറ്റവരിൽ ഒരാൾ ഇപ്പോഴത്തെ ആലപ്പുഴ എംഎല്‍എ എ.ഡി.തോമസാണ്. മര്‍ദനത്തില്‍ വീഴ്ചയില്ലെന്ന പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് തോമസ് ഉടന്‍ പരാതി നൽകും.
ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷനിൽ ബസിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയവരെ ലോക്കൽ പൊലീസ് നീക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാരനും കാറിൽനിന്നു വടിയുമായി പുറത്തിറങ്ങി യുവാക്കളുടെ തലയിൽ അടിച്ചത്. പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എ.ഡി. തോമസ് പറഞ്ഞു. മര്‍ദിച്ച ഗണ്‍മാന്‍മാരോട് വ്യക്തിപരമായ വിരോധമില്ലെന്നും തോമസ് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിക്കേണ്ട ഗൺമാൻ അകമ്പടി വാഹനത്തിലൊളിപ്പിച്ച വടിയുമായി റോഡിലിറങ്ങി പ്രതിഷേധക്കാരെ ക്രൂരമായി മർദിച്ചത് വന്‍പ്രതിഷേധത്തിനിടയാക്കിയിരുന്നു. സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ആരോപണം ഉയർന്നു.
അംഗരക്ഷകരുടെ പ്രവൃത്തികളെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ് ചെയ്തത്. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ബസിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ ആക്രമിച്ചപ്പോഴും വടിയുമായി ഗൺമാനുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ബസിനൊപ്പം സഞ്ചരിച്ച് സുരക്ഷയൊരുക്കുകയാണ് ഗൺമാൻ ചെയ്യേണ്ടത്. ഇതിനു പകരം എസ്കോർട്ട് കാറിൽ എത്തി അക്രമത്തിനു നേതൃത്വം നൽകുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
