എം എല്‍ എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ തീവ്രശ്രമങ്ങളുമായി വി ഡി സതീശന്‍

News Desk
2 Min Read

കൊച്ചി: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി എ ഐ സി സി നിരീക്ഷകര്‍ ഇന്ന് കോണ്‍ഗ്രസ്സ് എം എല്‍ എമാരെ കണ്ട് അഭിപ്രായമറിയാനിരിക്കെ കൂടുതല്‍ പേരുടെ പിന്തുണ സമാഹരിക്കാനുള്ള തീവ്രശ്രമത്തില്‍ വി ഡി സതീശന്‍. ഇന്നലെ രാവിലെ മുതല്‍ ആലുവയിലെ വീട്ടിലിരുന്ന് എം എല്‍ എമാരുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നു അദ്ദേഹം.

രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായി അറിയപ്പെടുന്ന എറണാകുളം എം എല്‍ എ. ടി ജെ വിനോദും തൃക്കാക്കരയില്‍ നിന്ന് ജയിച്ച എ ഗ്രൂപ്പിലെ ദീപക് ജോയിയും ഇന്നലെ ആലുവയിലെ വീട്ടിലെത്തി സതീശനെ കണ്ടു. എറണാകുളം ജില്ലയില്‍ ഡി സി സി പ്രസിഡന്റ് കൂടിയായ മുഹമ്മദ് ഷിയാസ് മാത്രമാണ് സതീശനെ പിന്തുണക്കാനുള്ളതെന്ന പ്രചാരണത്തിനിടെയാണ് ഇരുവരും സതീശന്റെ വീട്ടിലെത്തിയത്. നിരവധി എം എല്‍ എമാര്‍ ഫോണിലും ആശയവിനിമയം നടത്തി. 25ലേറെ എം എല്‍ എമാര്‍ സമ്പര്‍ക്കത്തിലാണെന്നും അവര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുമെന്നുമാണ് സതീശനോടടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്.

എ ഐ സി സി നിരീക്ഷകര്‍ പരസ്യമായി അഭിപ്രായം ചോദിച്ചാല്‍ വി ഡി സതീശനെ പിന്തുണക്കാന്‍ ഭൂരിപക്ഷം എം എല്‍ എമാര്‍ക്കും സാധിക്കാത്ത തരത്തില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ കോണ്‍ഗ്രസ്സില്‍ ഇപ്പോഴും ശക്തമായി നിലനില്‍ക്കുകയാണ്. എന്നാല്‍ രഹസ്യമായി അഭിപ്രായം ചോദിച്ചാല്‍ ഭൂരിപക്ഷം എം എല്‍ എമാരും സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായം പറയാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

യു ഡി എഫ് നേടിയ വിജയത്തില്‍ വി ഡി സതീശനുള്ള പങ്ക് സംബന്ധിച്ച് എം എല്‍ എമാര്‍ക്കാര്‍ക്കും രണ്ടഭിപ്രായമില്ലെങ്കിലും എല്ലാവരും ഓരോ ഗ്രൂപ്പ് ചേരികളില്‍ നില്‍ക്കുന്നതിനാല്‍ ഗ്രൂപ്പ് ലീഡര്‍മാരോട് കൂറുപുലര്‍ത്താന്‍ ബാധ്യസ്ഥരുമാണ്. സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ തങ്ങളുടെ വിശ്വസ്തര്‍ക്ക് വിജയസാധ്യതയുള്ള സീറ്റുകള്‍ ഉറപ്പിക്കാന്‍ കെ സി വേണുഗോപാലും വി ഡി സതീശനും തീവ്രശ്രമം നടത്തിയതിന്റെ ഫലമായി സീറ്റ് കിട്ടിയവരാണ് പലരും.

ഡല്‍ഹിയില്‍ നടന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ഏറ്റവുമധികം തിരിച്ചടിയേറ്റത് വി ഡി സതീശനായിരുന്നു. ഹൈക്കമാന്‍ഡുമായി അടുത്തുനില്‍ക്കുന്ന കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും തങ്ങളുടെ അജന്‍ഡ നടപ്പിലാക്കിയപ്പോള്‍ വി ഡി സതീശന്റെ പട്ടികയിലുണ്ടായിരുന്ന പലരുടെയും പേര് വെട്ടിപ്പോയി.

സതീശന്റെ ഏറ്റവുമടുത്ത വിശ്വസ്തനായ മുഹമ്മദ് ഷിയാസിന് വിജയസാധ്യതയില്ലെന്ന് വിലയിരുത്തിയ കൊച്ചി സീറ്റാണ് ലഭിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യം തനിക്ക് അനുകൂലമാക്കാന്‍ മറ്റു വഴികളുണ്ടെന്ന ബോധ്യം ഒന്നുകൊണ്ട് മാത്രമാണ് സീറ്റിന്റെ പേരില്‍ കലഹിക്കാതെ സതീശന്‍ ഒത്തുതീര്‍പ്പിന് വഴങ്ങിയത്.

എന്നാല്‍ സതീശനെ തഴഞ്ഞാല്‍ അണികള്‍ തെരുവിലിറങ്ങുമെന്ന വ്യക്തമായ സന്ദേശം ഹൈക്കമാന്‍ഡിന് ലഭിച്ചിട്ടുണ്ട്. വി ഡി സതീശന് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച ലഭിച്ച സ്വീകരണം ഇതിന്റെ ഉദാഹരണം മാത്രമായിരുന്നു. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ തെരുവിലിറങ്ങി സമരം നടത്തുമെന്ന് സ്വീകരണത്തിനെത്തിയവര്‍ തുറന്നടിച്ചത് അണികളുടെ വികാരം അണപൊട്ടുമെന്നതിന്റെ വ്യക്തമായ സൂചനയായി.

ഇന്നലെ പറവൂരില്‍ നല്‍കിയ സ്വീകരണത്തിലും ഇതേ രംഗങ്ങളുടെ ആവര്‍ത്തനമുണ്ടായി. പ്രവര്‍ത്തകരുടെ ആഗ്രഹത്തിന് വിരുദ്ധമായി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാന്‍ നേതൃത്വം തീരുമാനിച്ചാല്‍ ആറ് മാസത്തിനകം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. പാര്‍ലിമെന്റ്അംഗത്വം രാജിവെക്കുമ്പോള്‍ ആലപ്പുഴ ലോക്‌സഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുമെന്നതും മറ്റൊരു വെല്ലുവിളിയാണ്.

ഇത്തരം വെല്ലുവിളികള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിസ്ഥാനത്തിനായി വേണുഗോപാല്‍ കടുത്ത നിലപാട് സ്വീകരിക്കില്ലെന്നാണ് സതീശന്‍ പക്ഷത്തിന്റെ കണക്കുകൂട്ടല്‍.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!