ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ, ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ തങ്ങളുടെ എംഎൽഎമാരെ സംരക്ഷിക്കുന്നതിനായി നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) റിസോർട്ട് ബുക്ക് ചെയ്തു.
മഹാബലിപുരത്തിന് അടുത്തുള്ള പൂഞ്ചേരിയിലെ സ്വകാര്യ റിസോർട്ടിലാണ് ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കിയത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാലുടൻ വിജയിക്കുന്ന സ്ഥാനാർഥികൾ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തണമെന്ന് വിജയ് നിർദേശിച്ചിട്ടുണ്ട്.
കുറഞ്ഞത് 100 സ്ഥാനാർഥികളെയെങ്കിലും താമസിപ്പിക്കാൻ പാകത്തിലുള്ള റിസോർട്ട് ബുക്ക് ചെയ്യണമെന്നാണ് വിജയ് പാർട്ടി നേതാക്കൾക്ക് നിർദേശം നൽകിയിരുന്നത്.
‘ജയിച്ചു കഴിഞ്ഞാൽ എങ്ങോട്ടും പോകരുത്’ എന്ന് വിജയ് സ്ഥാനാർഥികളോട് തമാശരൂപേണ പറഞ്ഞതായും സൂചനയുണ്ട്. ഡിഎംകെ സഖ്യം, ടിവികെ, എഐഎഡിഎംകെ സഖ്യം എന്നിവർക്ക് വ്യത്യസ്ത സർവേകൾ വ്യത്യസ്ത വിജയസാധ്യതകളാണ് പ്രവചിക്കുന്നത്. ഈ അനിശ്ചിതത്വം കണക്കിലെടുത്താണ് ടിവികെ മുൻകരുതൽ എടുക്കുന്നത്.
തങ്ങൾ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും ഈ തിരഞ്ഞെടുപ്പ് ആര് ഭരിക്കും എന്നതിനേക്കാൾ ഡിഎംകെയുടെ പ്രതിപക്ഷം ആര് എന്നതിനെക്കുറിച്ചാണ് സംസാരമെന്നും ഡിഎംകെ വക്താവ് സേലം ധരണിധരൻ പറഞ്ഞു.
വിജയ് ഒരു രാഷ്ട്രീയക്കാരനല്ലെന്നും രാഷ്ട്രീയം അദ്ദേഹത്തിന് വെറുമൊരു വിനോദം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. വോട്ടെണ്ണൽ ദിവസം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകാൻ ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുനയോട് വിജയ് ആവശ്യപ്പെട്ടിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
