ആംബുലന്‍സില്‍ നിന്നിറങ്ങിയോടി ഓടയില്‍ ചാടി; കയറാനാകാതെ കുടുങ്ങി: യുവാവിന് ദാരുണാന്ത്യം

News Desk
1 Min Read

തിരുവനന്തപുരം: പേവിഷബാധ ഉണ്ടായെന്ന സംശയത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ നിന്നിറങ്ങിയോടി ഓടയില്‍ ചാടിയ ആള്‍ മരിച്ചു. നെയ്യാറ്റിന്‍കര ചെങ്കല്‍ വട്ടവിള സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. ഇന്നു രാവിലെ ആശുപത്രിയിലേക്കു പോകും വഴി തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ ജംഗ്ഷന് സമീപത്തു വച്ചാണ് ആംബുലന്‍സിലെ ഡ്രൈവറെയും മറ്റും ആക്രമിച്ച ശേഷം രാജേന്ദ്രന്‍ റോഡിലേക്ക് ഇറങ്ങി ഓടിയത്.

തുടര്‍ന്ന് ഓടി ദേശീയപാത വികസനം നടക്കുന്ന ഈഞ്ചയ്ക്കല്‍ ഭാഗത്തെ വെള്ളം നിറഞ്ഞ വലിയ ഓടയിലേക്ക് ഇറങ്ങുകയായിരുന്നു. ഇവിടെ നിന്നു കയറാന്‍ കഴിയാതെ കുടുങ്ങിയ രാജേന്ദ്രന്റെ മൃതദേഹം പിന്നീട് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. ആംബുലന്‍സ് ഡ്രൈവറും രാജേന്ദ്രനും റോഡിലൂടെ ഓടുന്നതിന്റെയും രാജേന്ദ്രന്‍ ഓടയില്‍ കുടുങ്ങുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇന്നു പുലര്‍ച്ചെ നാലരയ്ക്കാണ് 108 ആംബുലന്‍സിലേക്ക് അടിയന്തരമായി വിളി വരുന്നത്. രാജേന്ദ്രന്‍ എന്ന ആള്‍ വെള്ളം കണ്ടാല്‍ പരിഭ്രമിക്കുകയും പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു സന്ദേശം. തുടര്‍ന്ന് ആംബുലന്‍സ് സര്‍വീസില്‍നിന്നു ജീവനക്കാരെത്തി ബലപ്രയോഗത്തിലൂടെ രാജേന്ദ്രനെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.

ഇതിനിടെയാണ് ഈഞ്ചയ്ക്കല്‍ എത്തിയപ്പോള്‍ രാജേന്ദ്രന്‍ വാഹനത്തിനുള്ളില്‍ ബഹളം വയ്ക്കുകയും ഫയര്‍ എക്‌സ്റ്റിങ്ഗ്യുഷന്‍ ഉപയോഗിച്ചു ചില്ലുകള്‍ തകര്‍ത്ത് പുറത്തേക്ക് ഓടുകയും ചെയ്തത്. രാജേന്ദ്രന്റെ ആക്രമണത്തില്‍ പരിഭ്രാന്തരായ ജീവനക്കാരും പുറത്തിറങ്ങി ഓടി. തുടര്‍ന്നാണ് രാജേന്ദ്രന്‍ റോഡിന്റെ വശത്തുള്ള വെള്ളം നിറഞ്ഞ ഓടയില്‍ ചാടിയത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിനു തിരിച്ചുകയറാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കുന്ന ശീലം രാജേന്ദ്രനുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരാഴ്ച മുന്‍പ് കൈയില്‍ മുറിവുണ്ടായിട്ടും ആരെയും അറിയിച്ചിരുന്നില്ല.

ഇന്നലെ രാത്രി വീട്ടില്‍ വച്ച് അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന ഇറങ്ങി ഓടി ജംക്‌ഷനിലെത്തി ബഹളം വയ്ക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാര്‍ ആംബുലന്‍സ് സര്‍വീസില്‍ വിവരം അറിയിച്ചത്. രാജേന്ദ്രന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. രാജേന്ദ്രന്റെ ആക്രമണത്തില്‍ പരുക്കേറ്റവരെയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!