പൊന്നാനി: പുനർഗേഹം ഭവനസമുച്ചയത്തിലെ താമസക്കാരിയായ യുവതിയെ കടൽത്തീരത്ത് മരിച്ചനിലയിൽ കണ്ടെത്തി. പൊന്നാനി അഴീക്കൽ മാറാപ്പിന്റെ വീട്ടിൽ ഫാത്തിമയെ (23) ആണു മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് രായിൻമരക്കാർ വീട്ടിൽ മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മത്സ്യത്തൊഴിലാളികൾക്കു വേണ്ടി സർക്കാർ നിർമിച്ച പുനർഗേഹം ഭവനസമുച്ചയത്തിലെ ഫ്ലാറ്റിലാണ് ഇരുവരുടെയും കുടുംബങ്ങൾ താമസിക്കുന്നത്. ഒന്നര വർഷം മുൻപായിരുന്നു വിവാഹം. വിവാഹശേഷം ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് അയൽക്കാർ പറയുന്നു.
കഴിഞ്ഞദിവസം രാത്രി ഇരുവരും ബൈക്കിൽ കറങ്ങാനിറങ്ങിയതായും ഇതിനിടെയുണ്ടായ വഴക്കിനു പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കടൽത്തീരത്ത് മണലിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്ന നിലയിലാണ് പ്രദേശവാസികൾ കണ്ടത്.
മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്കകം പരപ്പനങ്ങാടി റെയിൽവേ ട്രാക്കിനു സമീപത്തുനിന്ന് മുഹമ്മദിനെ പൊലീസ് പിടികൂടി. ട്രെയിനിനു മുൻപിൽ ചാടി ജീവനൊടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു. ദമ്പതികൾക്ക് നാലുമാസം പ്രായമായ മകളുണ്ട്.
….

