പത്താം ക്ലാസ് റാങ്കിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ട്രോൾ, തളരാൻ പ്രാച്ചി നിന്നില്ല, പ്ലസ് ടു പരീക്ഷയിലും മിന്നുന്ന ജയം

News Desk
1 Min Read

ലഖ്നൌ: 2024ൽ ഉത്തർപ്രദേശ് ബോർഡിന്റെ പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയതിന് പിന്നാലെ മുഖത്തെ രോമത്തിന്റെ പേരിൽ ക്രൂരമായ സൈബർ ആക്രമണം നേരിട്ട വിദ്യാർത്ഥിനിക്ക് 12ാം ക്ലാസ് പരീക്ഷയിലും മിന്നുന്ന വിജയം.

നേരിട്ട പരിഹാസങ്ങൾക്കൊന്നും തന്റെ ആത്മവിശ്വാസത്തെ തകർക്കാൻ കഴിയില്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് പ്രാചി. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിൽ 91.2 ശതമാനം മാർക്ക് നേടിയാണ് പ്രാചി മികച്ച വിജയം ആവർത്തിച്ചത്. 2024ൽ പത്താം ക്ലാസ് ഫലം വന്നപ്പോൾ പ്രാചിയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ മികച്ച വിജയത്തെ അഭിനന്ദിക്കുന്നതിന് പകരം, ഹോർമോൺ വ്യതിയാനം മൂലം മുഖത്തുണ്ടായ രോമത്തിന്റെ പേരിൽ പലരും പെൺകുട്ടിയെ പരിഹസിക്കുകയാണുണ്ടായത്.

ആ സമയത്ത് പ്രാചി ഇതിനോട് വളരെ പക്വതയോടെയാണ് പ്രതികരിച്ചത്. എന്റെ മാർക്ക് എന്റെ മുഖത്തെ രോമത്തെക്കാൾ പ്രാധാന്യമുള്ളതാണ് എന്നായിരുന്നു പ്രാചിയുടെ നിലപാട്. അന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖർ പ്രാചിക്ക് പിന്തുണയുമായി എത്തിയിരുന്നു.

പരിഹാസങ്ങൾ തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയെ ബാധിക്കില്ലെന്ന് ഉറച്ചു വിശ്വസിച്ച പ്രാചി പന്ത്രണ്ടാം ക്ലാസിലും കഠിനാധ്വാനം തുടർന്നു. പന്ത്രണ്ടാം ക്ലാസിലും മികച്ച വിജയം നേടിയതോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രാചിക്ക് വലിയ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

പ്രതിസന്ധികളെയും പരിഹാസങ്ങളെയും അതിജീവിച്ച് മുന്നേറുന്ന പ്രാചി നിഗം ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയൊരു പ്രചോദനമായി മാറിയിരിക്കുകയാണ്. എൻജിനിയറിംഗ് പഠനം ലക്ഷ്യമിട്ട് ജെഇഇ പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകളിലാണ് നിലവിൽ പ്രാച്ചിയുടെ ശ്രദ്ധ.

പത്താം ക്ലാസ് പരീക്ഷയിൽ 600 മാർക്കിൽ 591 മാർക്കായിരുന്നു പ്രാച്ചി നേടിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയി കണക്കിന് 99 ശതമാനവും കെമിസ്ട്രിക്ക് 95 ശതമാനവും ഫിസിക്സിന് 93 ശതമാനവും പ്രാച്ചി നേടി. ഇംഗ്ലീഷിനാണ് പ്രാച്ചി പിന്നോട്ട് പോയിട്ടുള്ളത്.

Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!