കലഞ്ഞൂര്‍: പത്തനംതിട്ട കലഞ്ഞൂര്‍ അനന്തു കൊലപാതകക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും പിഴയും. പത്തനംതിട്ട കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പ്രതി പിഴയൊടുക്കണം. അങ്ങേയറ്റം ഹീനമായ കൊലപാതകമാണ് നടന്നതെന്നും പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് അനന്തുവിനെ പ്രതി ശ്രീകുമാര്‍ അടിച്ചുകൊന്ന് കനാലില്‍ തള്ളിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തോടു ചേര്‍ന്നുള്ള റബ്ബര്‍ എസ്റ്റേറ്റിലായിരുന്നു കൊല നടത്തിയതെന്ന് പ്രതി സമ്മതിക്കുകയായിരുന്നു. 2023 ഫെബ്രുവരിയിലാണ് സംഭവം.
എസ്റ്റേറ്റിനുള്ളില്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍ അവിടെ എത്തിയ ശ്രീകുമാര്‍ അനന്തു ഒറ്റയ്ക്കാകാന്‍ കാത്തിരിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ മടങ്ങിയതിന് പിന്നാലെ അനന്തു ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ പിന്നിലൂടെ എത്തി കമ്പി വടികൊണ്ട് അടിക്കുകയായിരുന്നു.
മൂന്ന് തവണ കമ്പി വടികൊണ്ട് തലയ്ക്ക് അടിക്കുകയും മൃതദേഹം തോളില്‍ ചുമന്ന് 400 മീറ്ററോളം അകലെയുള്ള കനാലില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ശ്രീകുമാര്‍ ഉപേക്ഷിച്ച കമ്പി വടിയും അനന്തുവിന്റെ മൊബൈല്‍ ഫോണും കനാലില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഭാര്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ അനന്തുവും ശ്രീകുമാറും തമ്മില്‍ വാക്കേറ്റം നടന്നിട്ടുണ്ടെന്ന് പൊലീസിന് ലഭിച്ച സൂചനയായിരുന്നു സംഭവത്തില്‍ നിര്‍ണ്ണായകമായത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
