ക്രൂഡ് ഓയിൽ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസിലെ (ഒപെക്) അംഗത്വം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് യുഎഇ. റഷ്യ ഉൾപ്പെടെ ഒപെക് ഇതര എണ്ണ കയറ്റുമതി രാജ്യങ്ങളും ഉൾപ്പെടുന്ന ഒപെക് പ്ലസിലെ അംഗത്വവും യുഎഇ ഉപേക്ഷിച്ചു. മേയ് ഒന്നുമുതലാണ് തീരുമാനം പ്രാബല്യത്തിലാവുകയെന്ന് യുഎഇ ഊർജ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് എണ്ണ ഉൽപാദനവും കയറ്റുമതിയും തടസ്സപ്പെട്ട സാഹചര്യത്തിലാണ് യുഎഇയുടെ ഞെട്ടിക്കുന്ന തീരുമാനം. ഉൽപാദനനയവും ഉൽപാദനശേഷിയും വിലയിരുത്തിയും ദേശീയ താൽപര്യം മുൻനിർത്തിയും തീരുമാനമെടുക്കുന്നു എന്നാണ് യുഎഇ ഊർജ മന്ത്രാലയം വ്യക്തമാക്കിയത്.
1967ലാണ് യുഎഇ ഒപെക്കിൽ ചേർന്നത്. സൗദി അറേബ്യ, ഇറാഖ് എന്നിവ കഴിഞ്ഞാൽ ഒപെക്കിലെ ഏറ്റവും വലിയ ഉൽപാദക, കയറ്റുമതി രാജ്യവുമാണ് യുഎഇ. എണ്ണ ഉൽപാദന നിയന്ത്രണം സംബന്ധിച്ച് ഒപെക്കിനുള്ളിൽ, നിലനിന്ന തർക്കത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ ഒപെക് വിട്ടേക്കുമെന്ന് നേരത്തേതന്നെ സൂചനയുണ്ടായിരുന്നു.
ഒപെക് പ്ലസിലെ തീരുമാനപ്രകാരം യുഎഇക്ക് പ്രതിദിനം 30 ലക്ഷം ബാരൽ വീതം എണ്ണയാണ് ഉൽപാദിപ്പിക്കാനാവുക. അതേസമയം, 40 ലക്ഷം ബാരലാണ് യുഎഇയുടെ ശേഷി. 2027ഓടെ ഉൽപാദനം 50 ലക്ഷത്തിലെത്തിക്കുകയെന്ന ലക്ഷ്യം യുഎഇയുടെ ദേശീയ എണ്ണക്കമ്പനിയായ അഡ്നോക്കിനുണ്ട്.
ഒപെക്കിലെ മറ്റ് അംഗങ്ങളുടെ തീരുമാനപ്രകാരം ഉൽപാദനം വെട്ടിക്കുറയ്ക്കേണ്ടി വന്നതിൽ യുഎഇക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിനിടെയാണ് ഹോർമുസ് പ്രതിസന്ധിയുമുണ്ടായത്. മാത്രമല്ല, 2050ഓടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യം കാണാനായി യുഎഇ ശതകോടികളുടെ നിക്ഷേപ പങ്കാളിത്ത പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഒപെക്, ഒപെക് പ്ലസ് എന്നിവയ്ക്കുള്ളിൽ തുടർന്നാൽ ലക്ഷ്യം കാണുക പ്രയാസമാണെന്ന വിലയിരുത്തൽ യുഎഇക്കുമുണ്ട്. അംഗത്വം ഉപേക്ഷിച്ചതോടെ, ഇനിമുതൽ വിപണിസാഹചര്യമനുസരിച്ച് തീരുമാനങ്ങളെടുക്കാനാകുമെന്നും യുഎഇ വ്യക്തമാക്കി.
ഹോർമുസ് പ്രതിസന്ധി അകലുകയും യുഎഇ ഉൽപാദനം വർധിപ്പിക്കുകയും ചെയ്താൽ രാജ്യാന്തര ക്രൂഡ് ഓയിൽ വിപണിയിലേക്ക് കൂടുതൽ സ്റ്റോക്ക് എത്തുകയും വില താഴുകയും ചെയ്യാം. എന്നാൽ, അംഗത്വം ഉപേക്ഷിക്കാനുള്ള യുഎഇയുടെ തീരുമാനം ഒപെക്കിലും ഒപെക് പ്ലസിലും വലിയ അസ്വാരസ്യങ്ങൾക്ക് വഴിവച്ചേക്കാം. ഒപെക്, ഒപെക് പ്ലസിന്റെ അടുത്ത യോഗം കലുഷിതമായേക്കാം.

