Saturday, 27 July - 2024

കനത്ത മഴ വരുന്നൂ, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത പാലിക്കണം

അബുദാബി: യുഎഇയില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥ കേന്ദ്രം. ഈ ആഴ്ച യുഎഇയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് പ്രവചനം. 

ബുധനാഴ്ച രാത്രി മുതല്‍ വ്യാഴാഴ്ച വൈകുന്നേരം വരെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഈ ആഴ്ച രാജ്യത്ത് മിതമായതോ കനത്ത മഴയോ പെയ്യാന്‍ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. 

ബുധനാഴ്ച രാത്രി പടിഞ്ഞാറ് നിന്ന് ആരംഭിച്ച് വ്യാഴാഴ്ച രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലേക്കും മഴ വ്യാപിക്കുമെന്നും ചില സ്ഥലങ്ങളിൽ വ്യാഴാഴ്ച മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും ഔദ്യോഗിക വാർത്താ ഏജൻസി വാം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങൾ നേരിടാനുള്ള  തയാറെടുപ്പ് നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ) വിലയിരുത്തി. 

പ്രതികൂല കാലാവസ്ഥയുള്ളപ്പോള്‍ എല്ലാ വ്യക്തികളുടെയും സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതര്‍ നൽകുന്ന സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും പൊതുജനങ്ങളോട് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പ് നൽകിട്ടുണ്ട്. രാജ്യത്തെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ, മാർഗനിർദേശം, അപ്ഡേറ്റുകൾ എന്നിവ മാത്രം പങ്കുവെക്കാന്‍ പൊതുജനങ്ങളോട് അധികൃതര്‍ അഭ്യർഥിച്ചു.

അതേസമയം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചിരുന്നു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. 

ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല, മെലിഹക്ക് സമീപ പ്രദേശങ്ങള്‍, ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും വിവിധ തീവ്രതകളില്‍ മഴ ലഭിച്ചു. ദുബൈയുടെ ചില ഉള്‍പ്രദേശങ്ങളായ അല്‍ ലിസൈ, ജബല്‍ അലി എന്നിവിടങ്ങളിലും മിതമായ തോതില്‍ മഴ പെയ്തു. പ​ര്‍വ്വത പ്ര​ദേ​ശ​ങ്ങ​ളി​ലും ദൈ​ദ്​ മേ​ഖ​ല​യി​ലും ക​ന​ത്ത മ​ഴ രേ​ഖ​പ്പെ​ടു​ത്തി. മ​ല​നി​ര​ക​ളോ​ടു​ചേ​ര്‍ന്ന താ​ഴ്വാ​ര​ങ്ങ​ളി​ല്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലും റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടു. അ​സ്ഥി​ര കാ​ലാ​വ​സ്ഥ പരിഗണിച്ച് റാ​സ​ല്‍ഖൈ​മ​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളെ​ല്ലാം ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ അ​ധ്യ​യ​നം അ​വ​സാ​നി​പ്പിച്ചിരുന്നു. 

Most Popular

error: